യുപിയില്‍ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം റെയില്‍പാളത്തില്‍; ബലാത്സംഗക്കൊലയെന്ന് കുടുംബം; പൊലീസ് തെളിവ് നശിപ്പിച്ചെന്നും ആരോപണം
15കാരിയായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.
ലഖ്‌നൗ: യുപിയില്‍ വീണ്ടും പ്രായപൂർത്തിയാവാത്ത ദലിത് പെണ്‍കുട്ടിയുടെ കൊലപാതകം. ബദാവുന്‍ ജില്ലയിലെ ഫൈസ്ഗഞ്ച് ബെഹ്ത പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റെയില്‍പാളത്തിനു സമീപമാണ് ശനിയാഴ്ച മൃതദേഹം കണ്ടെത്തിയത്. 15കാരിയായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാവിലെയാണ് റെയില്‍പാളത്തില്‍ നിന്നും മൃതദേഹം കണ്ടെത്തിയതെന്നും തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു. എന്നാല്‍ പൊലീസിനെതിരെ ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. ബലാത്സംഗത്തിനിരയായാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന് കുടുംബം പറയുന്നു.
തങ്ങളെ അറിയിക്കാതെയാണ് പൊലീസ് മൃതദേഹം എടുത്തതെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതെന്നും കുടുംബം ആരോപിച്ചു. മൃതദേഹം തിരിച്ചറിയാനായി പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന ഇടത്തേക്ക് പൊലീസ് വിളിപ്പിച്ചപ്പോള്‍ മാത്രമാണ് മരണത്തെ കുറിച്ച് അറിയുന്നതെന്നും കുടുംബം പറയുന്നു.
ഒരു അപകടത്തില്‍ നിങ്ങളുടെ മകള്‍ മരിച്ചതായും തിരിച്ചറിയാനായി എത്താനും പൊലീസുകാരന്‍ വിളിച്ചുപറയുകയായിരുന്നു- പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. വെറും ഒന്നര കിലോമീറ്റര്‍ മാത്രമാണ് ഞങ്ങളുടെ വീടും സംഭവസ്ഥലവും തമ്മിലുള്ളത്. അപകടസ്ഥലത്തു നിന്നും എല്ലാവിധ തെളിവുകളും പൊലീസ് നശിപ്പിച്ചു- അമ്മാവന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും കര്‍ശന നടപടി സ്വീകരിക്കുമെന്നും സീനിയര്‍ പൊലീസ് സൂപ്രണ്ട് ഒ.പി സിങ് പറഞ്ഞു.
അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, രജിസ്റ്റർ ചെയ്തിട്ടുള്ള വകുപ്പുകളുടെ എണ്ണം വർധിപ്പിക്കുമെന്നും നടപടിയെടുക്കുമെന്നും ആരെയെങ്കിലും കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ അയാളെ അറസ്റ്റ് ചെയ്യുമെന്നും എസ്.എസ്.പി കൂട്ടിച്ചേർത്തു.