ബോബ് ഭീഷണി: ബംഗളൂരുവിലെ സ്‌കൂൾ ഒഴിപ്പിച്ചു
ഇന്ന് രാവിലെയാണ് ഇമെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്
ബംഗളൂരു: കർണാടകയിലെ സൗത്ത് ബെംഗളൂരുവിൽ സ്വകാര്യ സ്‌കൂളിനെതിരെ വ്യാജബോംബ് ഭീഷണി. രാജരാജേശ്വരി നഗറിലെ സ്വകാര്യ സ്‌കൂളിന് തിങ്കളാഴ്ചയാണ് ഇമെയിൽ വഴി വ്യാജ ബോംബ് ഭീഷണി ലഭിച്ചത്.
സ്‌കൂൾ പരിസരം വിശദമായി പരിശോധിച്ചതിന് ശേഷം ഭീഷണി വ്യാജമാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (വെസ്റ്റ്) ലക്ഷ്മൺ ബി നിംബർഗി പറഞ്ഞു. രാവിലെ 8.30 ഓടെ ഭീഷണി ഇമെയിൽ കണ്ട സ്‌കൂൾ മാനേജ്മെന്റ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അരമണിക്കൂറിനുള്ളിൽ 1,500 ഓളം വിദ്യാർഥികളെ സ്‌കൂൾ പരിസരത്ത് നിന്ന് ഒഴിപ്പിച്ച് സമീപത്തെ സ്‌കൂളുകളിലേക്ക് മാറ്റി.
ബോംബ് സ്‌ക്വാഡും സ്നിഫർ ഡോഗ് സ്‌ക്വാഡും പൊലീസും സ്‌കൂളിലെത്തി എല്ലായിടത്തും പരിശോധന നടത്തുകയും ചെയ്തു. സംഭവത്തെ തുടർന്ന് സ്‌കൂളിന് അവധി പ്രഖ്യാപിച്ചു.കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.