രാമക്ഷേത്രത്തിനും യോഗി ആദിത്യനാഥിനും ബോംബ് ഭീഷണി; രണ്ടുപേർ അറസ്റ്റിൽ
പ്രതികൾ ഉപയോഗിച്ചത് മുസ്‍ലിം പേരുള്ള ഇ-മെയിൽ ഐഡികൾ
ലഖ്നൗ: സാമൂഹ്യ മാധ്യമം വഴി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അയോധ്യയിലെ രാമക്ഷേത്രത്തിനും എതിരെ ബോംബ് ഭീഷണി മുഴക്കിയ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ലഖ്‌നൗവിലെ ഗോമതി നഗറിലെ വിഭൂതി ഖണ്ഡ് പ്രദേശത്തുനിന്ന് ഓംപ്രകാശ് മിശ്ര, തഹർ സിങ് എന്നിവരെയാണ് ഉത്തർ പ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നവംബറിലാണ് ‘എക്സി’ൽ യോഗി ആദിത്യനാഥ്, എസ്.ടി.എഫ് മേധാവി അമിതാഭ് യാഷ് എന്നിവർക്കെതിരെയും അയോധ്യ രാമക്ഷേത്രത്തിനും എതിരെ ഇവർ ഭീഷണി മുഴക്കിയത്.
ആലം അൻസാരി ഖാൻ, സുബൈർ ഖാൻ ഐഎസ്ഐ എന്നിങ്ങനെ മുസ്‍ലിം പേരുകളുള്ള ഇ-മെയിൽ ഐഡി ഉപയോഗിച്ചാണ് ഇവർ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
തഹർ സിങ് ഇ-മെയിൽ അക്കൗണ്ടുകൾ തയാറാക്കിയതായും ഓംപ്രകാശ് മിശ്ര ഭീഷണി സന്ദേശങ്ങൾ അയച്ചതായും പരിശോധനയിൽ മനസ്സിലായി. പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന ഇരുവരും ഗോണ്ടയിലാണ് താമസം. കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു.