ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുമാറ്റം ശരിവെച്ച് ബോംബെ ഹൈക്കോടതി

ഔറംഗബാദിനെ ഛത്രപതി സംഭാജിനഗർ എന്നും ഒസ്മാനബാദിനെ ധാരാശിവ് എന്നും പേരുമാറ്റിയ നടപടിയാണ് കോടതി അംഗീകരിച്ചത്

Update: 2024-05-08 08:23 GMT
Advertising

മുംബൈ: മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളായ ഔറംഗബാദിന്റെയും ഒസ്മാനബാദിന്റെയും പേരുമാറ്റം ശരിവച്ച് ബോംബെ ഹൈക്കോടതി. ഔറംഗബാദിനെ ഛത്രപതി സംഭാജിനഗർ എന്നും ഒസ്മാനബാദിനെ ധാരാശിവ് എന്നും പേരുമാറ്റിയ നടപടിയാണ് കോടതി അംഗീകരിച്ചത്. പേരുമാറ്റം നിർദേശിച്ചുള്ള മഹാരാഷ്ട്ര സർക്കാരിന്റെ നടപടിയിൽ നിയപരമായ തടസ്സങ്ങളില്ലെന്ന് ജസ്റ്റിസ് ദേവേന്ദ്ര ഉപാധ്യായ, ജസ്റ്റിസ് ആരിഫ് എസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

2022 ജൂണിൽ ഉദ്ധവ് താക്കറെ സർക്കാരാണ് തങ്ങളുടെ അവസാന ക്യാബിനറ്റ് മീറ്റിംഗിൽ രണ്ട് നഗരങ്ങളുടെയും പേര് മാറ്റത്തിന് അംഗീകാരം നൽകിയത്. ഔറംഗബാദ് സംഭാജിനഗർ ആക്കിയും ഔസ്മാനബാദ് ധാരാശിവ് ആക്കിയുമായിരുന്നു പേരുമാറ്റം. പിന്നീട് അധികാരത്തിലേറിയ ഷിൻഡെ-ഫഡ്‌നാവിസ് സർക്കാർ സംഭാജിനഗറിന് മുന്നിൽ ഛത്രപതി കൂടിച്ചേർത്ത് പേരുമാറ്റത്തിന് പച്ചക്കൊടി കാട്ടി. 2024 ഫെബ്രുവരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും രണ്ട് നഗരങ്ങളുടെയും പേരുമാറ്റത്തിന് അംഗീകാരം നൽകി.

പൊതുജനവികാരം കണക്കിലെടുക്കാതെയാണ് പേരുമാറ്റമെന്നും സർക്കാർ ഭരണഘടനാ വിരുദ്ധനടപടിയാണ് സ്വീകരിച്ചതെന്നുമായിരുന്നു നടപടിക്കെതിരായ തുടക്കം മുതലേ ഉയർന്ന് വന്ന വാദങ്ങൾ. പേരുമാറ്റം കേവലം രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രമുള്ളതാണെന്നും മുസ്‌ലിം സമുദായത്തോടുള്ള വെറുപ്പ് അധികരിക്കുന്നതിന് അത് കാരണമാകുമെന്നും പേരുമാറ്റത്തിനെതിരായ പൊതുതാല്പര്യ ഹരജികളിൽ ചൂണ്ടിക്കാട്ടിയിരുന്നു.

മതസ്പർധ വളർത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് പേരുമാറ്റം എന്നായിരുന്നു ഹരജികളിലെ പ്രധാന വാദം. മഹാരാഷ്ട്രയിൽ മുസ്‌ലിം പേരുകളുള്ള സ്ഥലങ്ങളുടെയെല്ലാം പേരുമാറ്റാൻ ക്യാംപെയ്‌നുകൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും ഹരജികളിൽ ആരോപണമുണ്ടായിരുന്നു.

എന്നാൽ ഔറംഗബാദ് പോലെ പ്രധാന്യമേറെയുള്ള നഗരങ്ങളുടെ പേര് മാറ്റത്തിലേക്ക് മതങ്ങളെ വലിച്ചിഴയ്‌ക്കേണ്ട എന്നായിരുന്നു മഹാരാഷ്ട്ര സർക്കാരിന്റെ നിലപാട്. ഒസ്മാനാബാദിന്റെ പേര് ധാരാശിവ് എന്ന് മാറ്റിയത് പൊതുജനാഭിപ്രായം മാനിച്ചാണെന്ന സത്യവാങ്മൂലവും സർക്കാർ കോടതിയിൽ സമർപ്പിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News