കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടി: കേരളം സമർപ്പിച്ച ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

19,000 കോടി രൂപ കടമെടുക്കാൻ അനുമതി നൽകണമെന്നാണ് കേരളത്തിന്റെ അടിയന്തരാവശ്യം

Update: 2024-03-21 01:47 GMT
Advertising

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ കേരളം സമർപ്പിച്ച ഹരജി വ്യാഴാഴ്ച സുപ്രിംകോടതി പരിഗണിക്കും. 19,000 കോടി രൂപ കടമെടുക്കാൻ അനുമതി നല്കണമെന്നാണ് കേരളത്തിന്റെ അടിയന്തരാവശ്യം.

ഇക്കാര്യത്തിൽ ഇന്ന് വിശദമായ വാദം നടക്കും. വിഷയം ഭരണഘടനാ ബെഞ്ചിലേക്ക് വിടുന്നതടക്കമുള്ള കാര്യങ്ങളിൽ ഇന്ന് തീരുമാനമെടുക്കും. കോടതി നിർദേശപ്രകാരം 13,600 കോടി രൂപയുടെ വായ്പാ പരിധി കേന്ദ്രം നേരത്തെ ഉയർത്തിയിരുന്നു. കൂടുതൽ തുകയ്ക്ക് വേണ്ടിയുള്ള വാദമാണ് ഇന്ന് നടക്കുക. മാർച്ച് 31നകം കൂടുതൽ തുകയ്ക്കുള്ള വായ്പ അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് കേന്ദ്രം.

5000 കോടി രൂപ കൂടി കടമെടുക്കാൻ അനുമതി നൽകാമെന്നായിരുന്നു കേന്ദ്ര വാഗ്ദാനം. ഇത് കേരളം തള്ളിയിരുന്നു. അടുത്ത വർഷത്തെ കടമെടുപ്പ് പരിധിയിൽനിന്ന് ഈ തുക കുറയ്ക്കുമെന്ന വ്യവസ്ഥയോടെ ആയിരുന്നു വാഗ്ദാനം.

കേരളത്തിന് 13,608 കോടി രൂപ കടമെടുക്കാൻ സുപ്രിംകോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഈ സാമ്പത്തികവർഷം അവസാനിക്കുന്ന മാർച്ച് 31-ന് മുമ്പ് സംസ്ഥാനത്തിന് കടമെടുക്കാൻ അർഹതയുള്ള 13,608 കോടി രൂപ എടുക്കാൻ സംസ്ഥാന സർക്കാരിന് അടിയന്തരമായി അനുമതി നൽകണമെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി നിർദേശിക്കുകയായിരുന്നു. കടമെടുപ്പിന് പരിധി നിശ്ചയിച്ച് കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം സ്യൂട്ട് ഹരജി നൽകിയത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News