വിവാഹാഭ്യർഥന നിരസിച്ചു; 19കാരിയെ ബോധം പോകുംവരെ ക്രൂരമായി മർദിച്ചും നിലത്തിട്ട് ചവിട്ടിയും കാമുകൻ; ദൃശ്യങ്ങൾ പുറത്ത്

‌സംഭവത്തിനു ശേഷം യു.പിയിലേക്ക് കടന്ന പങ്കജിനെ മിർസാപൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

Update: 2022-12-25 13:33 GMT
Advertising

ഭോപ്പാൽ: വിവാ​ഹാഭ്യർഥന നിരസിച്ചിതിന് 19കാരിയെ മർദിച്ചും നിലത്തിട്ട് ക്രൂരമായി ചവിട്ടിയും കാമുകൻ. മധ്യപ്രദേശിലെ റേവ ജില്ലയിലെ മൗ​ഗഞ്ച് ഏരിയയിലാണ് സംഭവം. ഹൃദയഭേദക സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കൈയിൽ പിടിച്ച് നടന്നുപോകവെ യുവാവ് ഞൊടിയിടെ പെൺകുട്ടിയുടെ മുഖത്ത് ശക്തിയായി അടിക്കുകയായിരുന്നു. തുടർന്ന് മുടിക്ക് കുത്തിപ്പിടിച്ച് വലിച്ച് നിലത്തു വീഴ്ത്തുകയും ചെയ്തു. തുടർന്ന് അതീവ ശക്തിയിൽ പെൺകുട്ടിയുടെ മുഖത്തും ശരീരമാസകലവും ചവിട്ടുകയും ചെയ്തു.

ആക്രമണത്തിന്റെ കാഠിന്യത്താൽ പെൺകുട്ടി ബോധരഹിതയായി. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ സുഹൃത്തിനോട് ഇയാൾ വീഡിയോ ഡിലീറ്റ് ചെയ്യാൻ പറയുകയും അബോധാവസ്ഥയിലായ പെൺകുട്ടിയെ പിടിച്ച് എഴുന്നേൽപ്പിച്ച് നിർത്താൻ ശ്രമിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

പിന്നീട് പെൺകുട്ടിയെ വഴിയരികിൽ ഉപേക്ഷിച്ച് ഇയാൾ കടന്നുകള‍ഞ്ഞു. മണിക്കൂറുകളോളം പെൺകുട്ടി ബോധരഹിതയായി വഴിയിൽ കിടന്നു. ബുധനാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ ഐപിസിയിലേയും ഐടി ആക്ടിലേയും വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെൺകുട്ടിയുടെ ക്രൂരമായി ആക്രമിച്ച 24കാരനായ പങ്കജ് ത്രിപാഠി, ദൃശ്യങ്ങൾ പകർത്തിയ സുഹൃത്ത് എന്നിവരാണ് അറസ്റ്റിലായത്.

‌സംഭവത്തിനു ശേഷം യു.പിയിലേക്ക് കടന്ന പങ്കജിനെ മിർസാപൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം പെൺകുട്ടി നിരസിച്ചതോടെ തനിക്ക് ദേഷ്യം വന്നെന്നാണ് ഇയാളുടെ മൊഴി. വീട്ടുകാർ സമ്മതിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി ഇയാളുടെ വിവാഹാഭ്യർഥന നിരസിച്ചത്.

നാട്ടുകാരാണ് പെൺകുട്ടിയെ റോഡരികിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മൗ​ഗഞ്ച് ടൗണിലെ ധേര ​ഗ്രാമത്തിലാണ് പങ്കജ് താമസിക്കുന്നതെന്ന് എ.എസ്.പി അനിൽ സോങ്കർ പറഞ്ഞു.

വൈറലായ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പെൺകുട്ടിയുടെ പരാതിയിൽ, ദൃശ്യം പകർത്തി പ്രചരിപ്പിച്ചയാൾക്കെതിരെയാണ് ഐടി ആക്ട് പ്രകാരം കേസെടുത്തത്.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News