'റഫാൽ വിമാനം പറത്താനാകില്ല, അതുകൊണ്ട് 5 ലക്ഷത്തിന്റെ റഫാൽ വാച്ച്'; ബി.ജെ.പി തമിഴ്‌നാട് അധ്യക്ഷൻ വിവാദത്തിൽ

ദേശസ്‌നേഹം കൊണ്ടാണ് റഫാലിന്റെ അത്യാഡംബര വാച്ച് ധരിക്കുന്നതെന്നായിരുന്നു ബി.ജെ.പി തമിഴ്‌നാട് പ്രസിഡന്റ് കെ. അണ്ണാമലൈയുടെ വിശദീകരണം

Update: 2022-12-22 12:35 GMT
Editor : Shaheer | By : Web Desk
Advertising

ചെന്നൈ: തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തി റഫാൽ. ഫ്രഞ്ച് വിമാനക്കമ്പനിയായ റഫാലിന്റെ അത്യാഡംബര വാച്ചാണ് ഇത്തവണ വിവാദത്തിനു നടുവിലുള്ളത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷനും മുൻ ഐ.പി.എസുകാരനുമായ കെ. അണ്ണാമലൈയുടെ അഞ്ചു ലക്ഷത്തോളം രൂപ വിലയുള്ള വാച്ചിനെച്ചൊല്ലിയാണ് തർക്കം തുടരുന്നത്.

റഫാലിന്റെ ലിമിറ്റഡ് എഡിഷൻ വാച്ചാണ് അണ്ണാമലൈയുടെ ഉടമസ്ഥതയിലുള്ളത്. ഡി.എം.കെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ വി. സെന്തിൽ ബാലാജിയാണ് വാച്ച് ഉയർത്തിക്കാട്ടി ബി.ജെ.പി നേതാവിനെതിരെ ആദ്യമായി രംഗത്തെത്തിയത്. ആകെ രണ്ട് ആടും ഒരു പശുവും മാത്രമാണ് തനിക്കുള്ളതെന്ന് അവകാശപ്പെട്ടിരുന്ന അണ്ണാമലൈ എങ്ങനെയാണ് അഞ്ചു ലക്ഷത്തിന്റെ വാച്ച് വാങ്ങിയതെന്നായിരുന്നു മന്ത്രിയുടെ ചോദ്യം.

എന്നാൽ, വാച്ചിന് 3.5 ലക്ഷം മാത്രമേ വിലയുള്ളൂവെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രതികരണം. ദേശസ്‌നേഹിയായതുകൊണ്ടാണ് ഈ വാച്ച് ധരിക്കുന്നതെന്ന് ഒരുപടികൂടി കടന്നു വിശദീകരണവും. 'ഒരു ദേശസ്‌നേഹിയായതുകൊണ്ടാണ് ഞാൻ ഈ വാച്ച് ധരിക്കുന്നത്. ഈ വാച്ച് എനിക്ക് വളരെ പ്രധാനമാണ്. എനിക്ക് റഫാൽ വിമാനം പറത്താനാകില്ല. അതുകൊണ്ട്, മരണംവരെ ഞാൻ ഈ വാച്ച് ധരിക്കും.'-ഇങ്ങനെയായിരുന്നു കെ. അണ്ണാമലൈ രാഷ്ട്രീയവിവാദത്തോട് പ്രതികരിച്ചത്.

ഇന്ത്യക്കാരല്ലാതെ മറ്റാർക്കാണ് ഈ വാച്ച് വാങ്ങാനാകുക? ദസാൾട്ടിന്റെ റഫാൽ വിമാനത്തിന്റെ ഭാഗങ്ങൾ കൊണ്ട് നിർമിച്ചതാണിത്. റഫാൽ രംഗത്തെത്തിയതിനുശേഷം മാത്രമാണ് യുദ്ധനിയമങ്ങൾ മാറിയത്. ഇന്ത്യയുടെ സ്വാധീനം ശക്തമായി വർധിപ്പിക്കുകയും ചെയ്‌തെന്ന് വാർത്താസമ്മേളനം നടത്തി അദ്ദേഹം വിശദീകരിച്ചു.

പാരിസ് ആസ്ഥാനമായുള്ള വാച്ച് നിർമാതാക്കളായ ബെൽ ആൻഡ് റോസ് ആണ് റഫാലിനു വേണ്ടി വാച്ച് നിർമിച്ചത്. ദസോൾട്ടിനു കീഴിൽ യുദ്ധവിമാനം വികസിപ്പിച്ചതിന്റെ ആഘോഷ ഭാഗമായായിരുന്നു വാച്ച് പുറത്തിറക്കിയത്. 2015ലായിരുന്നു ഇത്. ബി.ആർ 03 റഫാൽ എന്ന പേരിലുള്ള വാച്ച് വെറും 500 പീസ് മാത്രമാണ് അന്ന് പുറത്തിറക്കിയതെന്നാണ് വിവരം. ഡിജിറ്റൽ വാച്ചുകൾ ജനപ്രിയമാകുന്നതിനും മുൻപ് നിർമിച്ച ബി.ആർ 03 റഫാലിൽ 'സ്റ്റോപ്‌വാച്ച്' അടക്കമുള്ള ഫീച്ചറുകളുണ്ടായിരുന്നു. ഇതിനാൽ, വിമാന പൈലറ്റുമാർക്കിടയിൽ വാച്ചിന് ഏറെ പ്രചാരമുണ്ടായിരുന്നു.

Summary: BJP Tamil Nadu president and former IPS K. Annamalai's Rafale watch has become the subject of intense political debate in Tamil Nadu, as the DMK attacking him for wearing a limited editon watch that costs close to Rs 5 lakh

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News