സമ്മാനം നല്‍കാനെന്ന വ്യാജേന വിവാഹ പന്തലിലെത്തി; വധുവിന്റെ മുൻ കാമുകൻ വരനെ കുത്തിപ്പരിക്കേൽപ്പിച്ചു, ദൃശ്യങ്ങൾ

വരനെ ആക്രമിച്ച ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. പിന്തുടര്‍ന്ന ബന്ധുക്കള്‍ക്കെതിരെ വെടിയുതിര്‍ക്കുകയും ചെയ്തു

Update: 2024-05-22 05:55 GMT
Editor : Lissy P | By : Web Desk
Advertising

ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാരയിൽ വധുവിന്റെ മുൻ കാമുകൻ വരനെ വിവാഹവേദിയിൽ വെച്ച് കുത്തിപ്പരിക്കേൽപ്പിച്ചു.ദമ്പതികൾക്ക് സമ്മാനം നൽകാനെന്ന വ്യാജേനയാണ് യുവാവ് വേദിയിലേക്ക് കയറിയത്. ഈ സമയത്താണ് യുവാവ് വരനെ കത്തികൊണ്ട് പല തവണ കുത്താൻ ശ്രമിച്ചത്. എന്നാൽ വരൻ ധരിച്ചിരുന്ന വിവാഹ വ്‌സ്ത്രത്തിലും തലപ്പാവിലുമാണ് കുത്തുകളേറ്റത്. ഇതുകൊണ്ടുതന്നെ  ആക്രമണത്തിൽ ചെറിയ പരിക്കുകളോടെ വരന്‍ രക്ഷപ്പെട്ടു.

ശങ്കർലാൽ ഭാരതിയെന്നയാളാണ് അക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇയാളും വധുവും ഒരേ ഗ്രാമത്തിലാണ് താമസിക്കുന്നത്. രണ്ട് വർഷം മുമ്പ് സ്‌കൂളിൽ അധ്യാപകരായിഇരുവരും ജോലി ചെയ്തിരുന്നു. ഇവിടെ വെച്ചാണ് രണ്ടുപേരും തമ്മിൽ അടുപ്പത്തിലാകുന്നത്. എന്നാൽ പിന്നീട് ഇരുവരുടെയും ബന്ധം വഷളാകുകയും യുവതി ബന്ധത്തിൽ നിന്ന് പിന്മാറുകയുമായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്.

വധുവിന്റെ സഹോദരൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മെയ് 12 നാണ് സഹോദരിയുടെ വിവാഹം നടന്നത്. പ്രതിയായ ശങ്കർ ലാൽ വിവാഹവേദിയിലെത്തി സമ്മാനം നൽകുകയും തുടർന്ന് ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു.എന്നാൽ അയാൾ കത്തിയെടുത്ത് വരനെ പെട്ടന്ന് അക്രമിക്കുകയായിരുവെന്നും പരാതിയിൽ പറയുന്നു. വരനെ ആക്രമിച്ച ശേഷം പ്രതി ശങ്കർ ലാൽ ഓടി രക്ഷപ്പെട്ടു. വീട്ടുകാരും നാട്ടുകാരും ചേർന്ന് ഇയാളെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.തന്നെ പിന്തുടർന്ന വധുവിന്റെ ബന്ധുക്കൾക്കും നാട്ടുകാർക്കുമെതിരെ ഇയാൾ വെടിയുതിർത്തതായും പരാതിയുണ്ട്.

പ്രതിയെ സഹായിച്ച മറ്റ് രണ്ടുപേരും ഒളിവിലാണ്.ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News