ബീഹാറിൽ വീണ്ടും പാലം തകർന്നു; ഒരു മാസത്തിനിടെ തകരുന്ന പതിനാലാമത്തെ പാലം
ഇന്ന് തകർന്നത് ഭഗവതി-ശർമ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലം
Update: 2024-07-15 16:27 GMT
പട്ന: ബീഹാറിൽ വീണ്ടും പാലം തകർന്നു. ഗയ ജില്ലയിലെ ഗുൾസ്കാരി നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നത്. ഭഗവതി-ശർമ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണിത്. നാലാഴ്ചക്കിടെ തകരുന്ന പതിനാലാമത്തെ പാലമാണിത്. ജൂലൈ 10നായിരുന്നു 13ാമത്തെ പാലം തകർന്നു വീണത്. സഹർസ ജില്ലയിലെ മഹിഷി ഗ്രാമത്തിലായിരുന്നു ഇത്.
തുടർച്ചയായി പാലം തകർന്നു വീഴുന്നതിൽ ബീഹാർ സർക്കാരിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും അപകടമുണ്ടായത്. വിഷയം നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെതിരെ ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. ഇതിനു പിന്നാലെ 11 എൻജിനിയർമാരെ സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു. പഴയ പാലങ്ങളെ പറ്റി സർവെ നടത്താനും സർക്കാർ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് വീണ്ടും പാലം തകർന്ന് വീണത്.