'പ്രമോഷനും പണത്തിനും വേണ്ടി ആസൂത്രണം ചെയ്യുന്നു'; യു.പിയിലെ ഏറ്റുമുട്ടൽ കൊലകളിൽ ബ്രിജ് ഭൂഷൺ സിങ്

യോഗി ആദിത്യനാഥിന്റെ ബുൾഡോസർ രാജിനെയും ബ്രിജ് ഭൂഷൺ വിമർശിച്ചു. താൻ എപ്പോഴും അതിന് എതിരായിരുന്നു. അതുകൊണ്ട് ആർക്കും ഒരു നേട്ടവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Update: 2024-09-08 15:15 GMT
Advertising

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതാണെന്ന വിമർശനവുമായി ബിജെപി മുൻ എംപി ബ്രിജ് ഭൂഷൺ സിങ്. സുൽത്താൻപൂരിലെ മംഗേഷ് യാദവിന്റെ കൊലപാതകം ആസൂത്രിതമെന്ന സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ആരോപണം ശരിവെച്ചുകൊണ്ടായിരുന്നു ബ്രിജ് ഭൂഷൺ സിങ്ങിന്റെ പരാമർശം. അതേസമയം മംഗേഷ് യാദവ് കൊല്ലപ്പെടാൻ കാരണം അദ്ദേഹത്തിന്റെ ജാതിയാണെന്ന അഖിലേഷിന്റെ ആരോപണം ബ്രിജ് ഭൂഷൺ തള്ളി.

പ്രമോഷനും പണത്തിനും വേണ്ടിയാണ് ഏറ്റുമുട്ടൽ കൊലകൾ നടത്തുന്നത്. ഇത് ശരിയായ രീതിയല്ല. പ്രതേക ജാതിയിൽപ്പെട്ടവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നതെന്ന അഖിലേഷ് യാദവിന്റെ ആരോപണം ശരിയല്ല. ബ്രാഹ്മണർക്കും ഠാക്കൂർമാർക്കും ഭൂമിഹാർ വിഭാഗത്തിൽപ്പെട്ടവർക്കുമെല്ലാം എതിരെ പൊലീസ് നടപടികൾ ഉണ്ടായിട്ടുണ്ടെന്നും എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ബ്രിജ് ഭൂഷൺ പറഞ്ഞു.

യോഗി ആദിത്യനാഥിന്റെ ബുൾഡോസർ രാജിനെയും ബ്രിജ് ഭൂഷൺ വിമർശിച്ചു. താൻ എപ്പോഴും അതിന് എതിരായിരുന്നു. അതുകൊണ്ട് ആർക്കും ഒരു നേട്ടവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് യു.പിയിൽ സീറ്റ് കുറയുമെന്ന് താൻ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നുവെന്നും ബ്രിജ് ഭൂഷൺ വെളിപ്പെടുത്തി. താൻ വായ തുറന്നാൽ അത് വലിയ കൊടുങ്കാറ്റിന് കാരണമാകുമായിരുന്നു. തെറ്റുകൾ സംഭവിച്ചതുകൊണ്ടാണ് പാർട്ടിക്ക് നഷ്ടങ്ങൾ നേരിടേണ്ടിവന്നത്. ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ട്. എന്നാൽ അവർക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ല. പാർട്ടി ജയിച്ചാലും തോറ്റാലും അവർക്ക് കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.

സെപ്തംബർ അഞ്ചിന് യുപി എസ്ടിഎഫുമായുള്ള ഏറ്റുമുട്ടലിൽ മങ്കേഷ് യാദവ് കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നു. ജ്വല്ലറി കവർച്ചയുമായി ബന്ധപ്പെട്ടാണ് മങ്കേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മങ്കേഷിന്റെ ജാതിയാണ് അദ്ദേഹം കൊല്ലപ്പെടാൻ കാരണമെന്നായിരുന്നു അഖിലേഷ് യാദവിന്റെ ആരോപണം. കേസിലെ മറ്റു പ്രതികളെ ഒന്നും ചെയ്തിട്ടില്ല. അവർ ഉയർന്ന ജാതിയിൽപ്പെട്ടവരായതിനാലാണ് കൊല്ലപ്പെടാതിരുന്നതെന്നും അഖിലേഷ് പറഞ്ഞിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News