ജഹാംഗീർപുരിയിൽ സുപ്രീംകോടതി സ്‌റ്റേ മാനിക്കാതെ ബി.ജെ.പി; ബുൾഡോസർ നേരിട്ടിറങ്ങി തടഞ്ഞ് ബൃന്ദ കാരാട്ട്
ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് നൽകിയ ഹരജിയിൽ ഇന്നു രാവിലെ 10.45നാണ് കോടതിയുടെ അടിയന്തര ഇടപെടലുണ്ടായത്
ന്യൂഡൽഹി: ഡൽഹി ജഹാംഗീർപുരിയിൽ സുപ്രീംകോടതി സ്‌റ്റേ മാനിക്കാതെ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് നേരിട്ടിറങ്ങി തടഞ്ഞ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ജഹാംഹീർപുരിയിലെ പള്ളിയടങ്ങുന്ന കെട്ടിടങ്ങളാണ് കോടതി വിധിക്കു പിന്നാലെയും ബി.ജെ.പി ഭരിക്കുന്ന ഡൽഹി മുനിസിപ്പൽ കോർപറേഷൻ അധികൃതര്‍ പൊളിക്കല്‍ തുടര്‍ന്നത്. പിന്നാലെ, ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിൽ സി.പി.എം നേതാക്കളും സാമൂഹിക പ്രവര്‍ത്തകരുമെത്തി നടപടി തടയുകയായിരുന്നു. അതിനിടെ, കോടതി ഉത്തരവ് ലംഘിച്ചതിനെതിരെ അഭിഭാഷകർ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. തുടർന്ന് ഉത്തരവ് ബന്ധപ്പെട്ടവരെ അറിയിക്കാൻ രജിസ്ട്രാർക്ക് നിർദേശം നൽകുകയായിരുന്നു.
ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് നൽകിയ ഹരജിയിൽ ഇന്നു രാവിലെ 10.45നാണ് കോടതിയുടെ ഇടപെടലുണ്ടായത്. അനധികൃത കെട്ടിടങ്ങളെന്നു ചൂണ്ടിക്കാട്ടിയാണ് ജഹാംഗീർപുരിയിൽ മുനിസിപ്പൽ കോർപറേഷൻ പൊളിക്കൽ ആരംഭിച്ചത്. എന്നാൽ, സ്ഥലത്ത് തൽസ്ഥിതി തുടരാൻ കോടതി ഉത്തരവിട്ടു. എന്നാൽ, ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നു പറഞ്ഞ് സ്റ്റേ വന്ന ശേഷവും മണിക്കൂർനേരം ജഹാംഗീർപുരി സി ബ്ലോക്കിലെ മുസ്‍ലിം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ പൊളിക്കുന്നത് അധികൃതർ തുടര്‍ന്നു. ഇതോടൊപ്പം സമീപത്തെ മറ്റു കെട്ടിടങ്ങളോ ക്ഷേത്രമോ അധികൃതർ തൊട്ടില്ലെന്നും പരാതിയുയർന്നിട്ടുണ്ട്.
ഇതിനിടെ ഉച്ചയ്ക്ക് 12ഓടെയാണ് ബൃന്ദ കാരാട്ടും ആൾ ഇന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹന്നാൻ മൊല്ല അടക്കമുള്ള നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തിയത്. കോടതി വിധിയുടെ ലംഘനമാണെന്നും നടപടി നിർത്തിവയ്ക്കണമെന്നും ബൃന്ദ ആവശ്യപ്പെട്ടു. നിയമവിരുദ്ധമായ വിധ്വംസക പ്രവർത്തനത്തിലൂടെ നിയമവും ഭരണഘടനയുമാണ് നിരപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ചുരുങ്ങിയത് സുപ്രീംകോടതിയും കോടതി ഉത്തരവുമെങ്കിലും തകർക്കരുതെന്നും ബൃന്ദ ആവശ്യപ്പെട്ടു.
Summary: CPM Leader Brinda Karat stood in front of a JCB to halt demolition drive in Delhi's Jahangirpuri