ബ്രിട്ടീഷുകാർ ഇന്ത്യയിലെ വിദ്യാഭ്യാസം തകർത്തു; അഭ്യസ്തവിദ്യർ 17 ശതമാനമായി ഇടിഞ്ഞു-മോഹൻ ഭാഗവത്

ഹരിയാനയിലെ കർണാലിൽ സ്വകാര്യ മൾട്ടി സ്‌പെഷാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർ.എസ്.എസ് തലവൻ

Update: 2023-03-06 13:38 GMT
Editor : Shaheer | By : Web Desk
Advertising

ചണ്ഡിഗഢ്: ബ്രിട്ടീഷുകാർ വരുന്നതിനുമുൻപ് ഇന്ത്യയിൽ 70 ശതമാനം ജനങ്ങളും സാക്ഷരരായിരുന്നുവെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. ബ്രിട്ടീഷ് വിദ്യാഭ്യാസമാണ് രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ തകർത്തതെന്നും അതിനുശേഷം വിദ്യാസമ്പന്നർ 17 ശതമാനമായി ഇടിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ഹരിയാനയിലെ കർണാലിൽ സ്വകാര്യ മൾട്ടി സ്‌പെഷാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഭാഗവത്. 'ബ്രിട്ടീഷ് ഭരണത്തിനുമുൻപ് രാജ്യത്തെ 70 ശതമാനം ജനങ്ങളും വിദ്യാസമ്പന്നരായിരുന്നു. അന്ന് തൊഴിലില്ലായ്മ ഉണ്ടായിരുന്നില്ല. ഇതേസമയത്ത് ഇംഗ്ലണ്ടിൽ 17 ശതമാനം പേരാണ് അഭ്യസ്തവിദ്യരായി ഉണ്ടായിരുന്നത്.'-അദ്ദേഹം പറഞ്ഞു.

'ബ്രിട്ടീഷുകാർ അവരുടെ വിദ്യാഭ്യാസ മാതൃക ഇവിടെ നടപ്പാക്കി. നമ്മുടെ മാതൃക അവരുടെ രാജ്യത്തും. ഇതോടെ ഇംഗ്ലണ്ടിൽ 70 ശതമാനം പേരും വിദ്യാസമ്പന്നരാകുകയും ഇന്ത്യയിലെ അഭ്യസ്തവിദ്യർ 17 ശതമാനമായി ഇടിയുകയും ചെയ്തു.'

ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുന്നതിനുമുൻപ് ഇവിടെ ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തിൽ വിവേചനമുണ്ടായിരുന്നില്ലെന്നും ഭാഗവത് വാദിച്ചു. അന്ന് ജനങ്ങളെ സ്വാശ്രയരാക്കാനാണ് വിദ്യാഭ്യാസ സംവിധാനം ആവിഷ്‌ക്കരിച്ചിരുന്നത്. നമ്മുടെ വിദ്യാഭ്യാസ സംവിധാനം തൊഴിലിനു വേണ്ടി മാത്രമായിരുന്നില്ല. അറിവിന്റെ മാധ്യമം കൂടിയായിരുന്നു. വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യവും ചെലവുകുറഞ്ഞതുമായിരുന്നു. അതുകൊണ്ട് വിദ്യാഭ്യാസ ചെലവുകൾ സമൂഹം ഏറ്റെടുത്തു. ഈ സംവിധാനത്തിലൂടെ പുറത്തിറങ്ങിയ പണ്ഡിതന്മാർക്കും കലാകാരന്മാർക്കും കരകൗശല വിദഗ്ധർക്കുമെല്ലാം ലോകമെങ്ങും അംഗീകാരവും ലഭിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നമ്മൾ ജീവിക്കുന്നത് നമ്മൾക്കു വേണ്ടി മാത്രമല്ല. എല്ലാവരുടെയും ക്ഷേമവും സന്തോഷവും കൂടി ഉൾക്കൊള്ളുന്നതാണ നമ്മുടെ സംസ്‌കാരവും പാരമ്പര്യവും. ഇപ്പോൾ രാജ്യത്ത് ഒരാളും വിദ്യാഭ്യാസ, ആരോഗ്യരംഗത്ത് ഒന്നും ചെയ്യാൻ തയാറല്ലാതായിട്ടുണ്ട്. രണ്ടും കൂടുതൽ ചെലവേറിയതായിത്തീർന്നെന്നും ആർ.എസ്.എസ് തലവൻ കൂട്ടിച്ചേർത്തു.

Summary: 'British destroyed India's education system, India's educated population percentage declined to 17 from 70'', says RSS chief Mohan Bhagwat

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News