കുത്തേറ്റ് 16കാരിയുടെ ആന്തരികാവയവങ്ങൾ പുറത്തുചാടി, തലയോട്ടി പിളർന്നു; ഡൽഹി കൊലയിൽ ഞെട്ടിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്

പെൺകുട്ടിയുടെ തോളിൽ നിന്ന് ഇടുപ്പ് ഭാഗം വരെ 16 മുറിവുകളാണുണ്ടായിരുന്നത്. ഏതാനും എല്ലുകൾ തകർന്നു.

Update: 2023-06-04 16:42 GMT
Advertising

ന്യൂഡൽഹി: ഡൽഹിയിലെ ഷഹബാദ് ഡയറി ഏരിയയിൽ കുത്തേറ്റ് കൊല്ലപ്പെട്ട 16കാരിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. കുത്തുകളേറ്റ് പെൺകുട്ടിയുടെ കുടൽ ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ പുറത്തുചാടിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. തലയിൽ പാറക്കല്ലുകൊണ്ട് ഒന്നിലധികം തവണ ഇടിച്ചതിനെ തുടർന്ന് തലയോട്ടി പിളർന്നതായും 20കാരനായ പ്രതി സാഹിൽ 16 തവണ കുത്തിയതായും പൊലീസ് പറഞ്ഞു.

16-17 പേജുള്ള പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ വിവരിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെയുണ്ടായ ആക്രമണം വളരെ ക്രൂരവും അവളുടെ കുടൽ ഉൾപ്പടെയുള്ള ആന്തരികാവയവങ്ങൾ പുറത്തുചാടുംവിധം നിഷ്ഠൂരവുമായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉദ്ധരിച്ച് പൊലീസ് പറയുന്നു. ചില എല്ലുകൾക്ക് വിള്ളലുകളും പരിക്കുകളുമുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സാഹിൽ നിരവധി തവണ കുത്തുകയും പാറ കൊണ്ട് തല പൊട്ടിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. തോളിൽ നിന്ന് ഇടുപ്പ് ഭാഗം വരെ 16 മുറിവുകളാണുണ്ടായിരുന്നത്. ഏതാനും എല്ലുകൾ തകർന്നു. ഇരയുടെ ശരീരത്തിലേറ്റ ക്രൂരമായ ആക്രമണങ്ങളുടെ ഫലമാണിതെന്ന് ഡോക്ടർമാർ പറയുന്നു.

കേസിൽ കൂടുതൽ അന്വേഷണത്തിനായി, കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത കത്തിയും ഷൂസും ഫോറൻസിക് ലാബിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. മെയ് 28നായിരുന്നു ക്രൂര കൊപാതകം അരങ്ങേറിയത്. ഇതിന്റെ ഹൃദയഭേദകമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സാഹിൽ പെൺകുട്ടിയെ കത്തികൊണ്ട് നിരവധി തവണ കുത്തുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു.

നിലത്തു വീണപ്പോഴും അയാൾ അവളെ കുത്തിക്കൊണ്ടിരുന്നു. പിന്നീട് ചവിട്ടി. അതിനുശേഷം പ്രതി സമീപത്ത് കിടന്ന ഒരു പാറ എടുത്ത് അവളെ ഇടിക്കാൻ തുടങ്ങി. നിരവധിയാളുകൾ ഇതുവഴി കടന്നുപോയെങ്കിലും ആരും ഇടപെടാനോ ആക്രമണം തടയാനോ ശ്രമിച്ചില്ല. കൊലപാതകം നടന്ന് നിമിഷങ്ങൾക്കകം സാഹിൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നു. എന്നാൽ പിറ്റേദിവസം തന്നെ പ്രതിയെ പൊലീസ് പിടികൂടി.




Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News