പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ബി.എസ്.പി എം.പി ബി.ജെ.പിയിൽ ചേർന്നു
ആർ.എസ്.പി എം.പി എൻ.കെ പ്രേമചന്ദ്രനും മോദിയുടെ വിരുന്നിൽ പങ്കെടുത്തിരുന്നു.
ന്യൂഡൽഹി: ബഹുജൻ സമാജ്‌വാദി പാർട്ടി എം.പി റിതേഷ് പാണ്ഡെ ബി.ജെ.പിയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റ് കാന്റീനിൽവച്ച് കൂടിക്കാഴ്ച നടത്തിയ ഏഴ് പ്രതിപക്ഷ എം.പിമാരിൽ ഒരാളാണ് റിതേഷ്. ബി.എസ്.പിയുടെ പ്രാഥമികാംഗത്വം രാജിവെക്കുകയാണെന്ന് വ്യക്തമാക്കുന്ന കത്ത് റിതേഷ് എക്‌സിൽ പങ്കുവെച്ചു.
പാർട്ടി യോഗങ്ങൾക്ക് തന്നെ വിളിക്കുന്നില്ലെന്നും ബി.എസ്.പി അധ്യക്ഷ മായാവതിയെ കാണാൻ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും റിതേഷ് രാജിക്കത്തിൽ ആരോപിച്ചു. വൈകാരികമായി ബുദ്ധിമുട്ടുണ്ടെങ്കിലും തന്റെ സേവനം പാർട്ടിക്ക് ആവശ്യമില്ലെന്ന് വ്യക്തമായതിനാലാണ് രാജിയെന്ന് റിതേഷ് പറഞ്ഞു.
बहुजन समाज पार्टी की प्राथमिक सदस्यता से त्यागपत्र pic.twitter.com/yUzVIBaDQ9
— Ritesh Pandey (@mpriteshpandey) February 25, 2024
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതിനാലാണ് റിതേഷ് പാർട്ടി വിട്ടതെന്ന് ബി.എസ്.പി ആരോപിച്ചു. മണ്ഡലത്തിൽ ജനങ്ങൾക്കുവേണ്ടി സമയം ചെലവഴിക്കുന്നുണ്ടെന്നാണ് കരുതുന്നതെങ്കിൽ ആത്മപരിശോധന നടത്തണമെന്ന് മായാവതി ആവശ്യപ്പെട്ടു. സ്വാർഥ ലക്ഷ്യങ്ങൾക്കായി ചുറ്റിക്കറങ്ങുകയും നിഷേധാത്മക ചർച്ചകളുടെ ഭാഗമാവുകയും ചെയ്താൽ ലോക്‌സഭയിലേക്ക് ടിക്കറ്റ് നൽകാൻ സാധ്യമല്ലെന്നും മായാവതി വ്യക്തമാക്കി.
#WATCH | Delhi | Prime Minister Narendra Modi had lunch with MPs at Parliament Canteen today. pic.twitter.com/GhcfaynYJt
— ANI (@ANI) February 9, 2024
ആർ.എസ്.പി എം.പി എൻ.കെ പ്രേമചന്ദ്രനും മോദിയുടെ വിരുന്നിൽ പങ്കെടുത്തിരുന്നു. ഇതിനെതിരെ ഇടതുപക്ഷം വലിയ വിമർശനമുന്നയിച്ചിരുന്നു. എന്നാൽ മോദിയുടെ ഓഫീസിലേക്ക് എത്തണമെന്ന് പറഞ്ഞാണ് തന്നെ വിളിച്ചതെന്നും കാന്റീനിലേക്ക് ഭക്ഷണം കഴിക്കാൻ വേണ്ടിയായിരുന്നു ക്ഷണമെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് പ്രേമചന്ദ്രൻ നൽകിയ വിശദീകരണം. പ്രേമചന്ദ്രനെ പിന്തുണക്കുന്ന നിലപാടാണ് കോൺഗ്രസും സ്വീകരിച്ചിരുന്നത്.