ആന്ധ്രയിലും ബുൾഡോസർ രാഷ്ട്രീയം; ടിഡിപിയുടെ അണ്ണാ ക്യാൻറീൻ തകർത്തു
ഭരണത്തിലിരിക്കെ ചെറിയ വിലയിൽ ഭക്ഷണം നൽകാൻ ടിഡിപി കൊണ്ടുവന്ന അണ്ണാ കാൻറീൻ പദ്ധതി പിന്നീടുവന്ന വൈഎസ് ജഗൻ മോഹൻ റെഡ്ഡി നിർത്തിവെച്ചിരുന്നു
ബിജെപി സർക്കാറുകൾ വിദ്വേഷ രാഷ്ട്രിയ ആയുധമാക്കിയ ബുൾഡോസർ രാഷ്ട്രീയം ആന്ധ്രപ്രദേശിലും. തെലങ്ക് ദേശം പാർട്ടിയുടെ അണ്ണാ കാൻറീൻ തകർത്താണ് വൈഎസ്ആർ കോൺഗ്രസ് സർക്കാർ ഏറെ വിമർശിക്കപ്പെട്ട രീതി സ്വീകരിച്ചിരിക്കുന്നത്. രണ്ടു രൂപയ്ക്ക് ഭക്ഷണം നൽകുന്നതാണ് അണ്ണാ കാൻറീൻ. ഇതിനായി മംഗലഗിരിയിൽ നിർമിച്ച താത്കാലിക സംവിധാനമാണ് സർക്കാർ തകർത്തത്.
ഭരണത്തിലിരിക്കെ ചെറിയ വിലയിൽ ഭക്ഷണം നൽകാൻ ടിഡിപി കൊണ്ടുവന്ന അണ്ണാ കാൻറീൻ പദ്ധതി പിന്നീടുവന്ന വൈഎസ് ജഗൻ മോഹൻ റെഡ്ഡി നിർത്തിവെച്ചിരുന്നു. എന്നാൽ മംഗലഗിരിയിൽ ടിഡിപി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകനുമായ നാരാ ലോകേഷ് ഈ പദ്ധതി പാർട്ടി നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ അമ്മ കാൻറീനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പദ്ധതി തുടങ്ങിയത്. എന്നാൽ പദ്ധതിക്കായി ടിഡിപി താത്കാലികമായി നിർമിച്ച സംവിധാനം നഗര അധികൃതർ തടയുകയായിരുന്നു. ഇത് ടിഡിപി പ്രവർത്തകരും അധികൃതരും തമ്മിൽ കയ്യാങ്കളിയുണ്ടാകുന്നതിന് വഴിയൊരുക്കി.
അതേസമയം, ജൂൺ പത്തിന് എംഎൽഎയും നടനുമായ ബാലകൃഷ്ണയുടെ ജന്മദിനാഘോഷം നടത്താനും അണ്ണാ കാൻറീൻ തുടങ്ങാനും ടിഡിപി പദ്ധതിയിട്ടിരുന്നു. കാൻറീൻ സംവിധാനം തകർത്തതോടെ പാവങ്ങൾക്ക് ദിനംപ്രതി രണ്ടുനേരം നല്ല ഭക്ഷണം ലഭിക്കുന്നത് വൈഎസ് ജഗൻ സർക്കാർ ഇഷ്ടപ്പെടുന്നില്ലെന്ന് നാരാ ലോകേഷ് കുറ്റപ്പെടുത്തി. പദ്ധതിയുമായി തങ്ങൾ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
Bulldozer politics in Andhra too; TDP's Anna canteen demolished