ആംബുലൻസ് കിട്ടിയില്ല; വാഹനാപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത് ജെസിബിയിൽ

അധികൃതരെ വിവരമറിയിച്ച് അരമണിക്കൂറോളം കാത്തിരുന്നിട്ടും ആംബുലൻസ് കിട്ടാത്തതുകൊണ്ടാണ് ജെസിബിയിൽ കൊണ്ടുപോകേണ്ടിവന്നതെന്ന് നാട്ടുകാർ പറഞ്ഞു.

Update: 2022-09-13 14:30 GMT
Advertising

ഭോപ്പാൽ: വാഹനാപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത് ജെസിബിയിൽ. മധ്യപ്രദേശിലെ കട്‌നിയിലാണ് സംഭവം. അധികൃതരെ വിവരമറിയിച്ച് അരമണിക്കൂറോളം കാത്തിരുന്നിട്ടും ആംബുലൻസ് കിട്ടാത്തതുകൊണ്ടാണ് ജെസിബിയിൽ കൊണ്ടുപോകേണ്ടിവന്നതെന്ന് നാട്ടുകാർ പറഞ്ഞു.

ഗയ്ർതലായ് സ്വദേശിയായ മഹേഷ് ബർമനാണ് ബൈക്കപകടത്തിൽ പരിക്കേറ്റത്. അരമണിക്കൂറോളം കാത്തിരുന്നെങ്കിലും ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് പുഷ്‌പേന്ദ്ര വിശ്വകർമയെന്ന ആളാണ് തന്റെ ജെസിബിയിൽ മഹേഷിനെ ആശുപത്രിയിലെത്തിച്ചത്. മഹേഷിന്റെ കാലിന് പൊട്ടലുണ്ട്. പ്രഥമശുശ്രൂഷ നൽകിയ ശേഷം ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

വാഹനം കിട്ടാത്തത് മൂലം ഉന്തുവണ്ടിയിലും സൈക്കിളിലും ചുമന്നുമൊക്കെ ആളുകളെ ആശുപത്രിയിലെത്തിക്കുന്നത് മധ്യപ്രദേശിൽ നിത്യസംഭവമാണ്. കഴിഞ്ഞ മാസം ദമോഷ് ജില്ലയിലെ കൈലാഷ് അഗർവാൾ എന്ന വ്യക്തി തന്റെ ഗർഭിണിയായ ഭാര്യയെ ഉന്തുവണ്ടിയിൽ ആശുപത്രിയിലെത്തിച്ചത് വലിയ വാർത്തയായിരുന്നു.

108 ആംബുലൻസിൽ വിളിച്ച് രണ്ടു മണിക്കൂറോളം കാത്തിരുന്നെങ്കിലും വാഹനം എത്താത്തതിനാലാണ് ഉന്തുവണ്ടിയിൽ ആശുപത്രിയിലെത്തിച്ചതെന്ന് കൈലാഷ് പറഞ്ഞു. അവിടെയെത്തിയപ്പോൾ ഡോക്ടറും നഴ്‌സും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.



Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News