വീടുകള്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ക്കുന്നത് നിയമവിരുദ്ധം, ലക്ഷ്യമിടുന്നത് ഒരു സമുദായത്തെ: മായാവതി
നുപൂർ ശർമയെയും നവീൻ ജിൻഡാലിനെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മായാവതി
ലഖ്നൌ: ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാർ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിടുകയാണെന്ന് ബി.എസ്.പി നേതാവ് മായാവതി. ബുൾഡോസർ ഉപയോഗിച്ച് വീടുകള്‍ നശിപ്പിക്കുന്നത് അന്യായവും നിയമവിരുദ്ധവുമാണ്. ഈ വിഷയം കോടതികൾ ശ്രദ്ധിക്കണമെന്നും മായാവതി അഭ്യര്‍ഥിച്ചു.
പ്രവാചകനിന്ദ നടത്തിയ നുപൂർ ശർമയെയും നവീൻ ജിൻഡാലിനെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും മായാവതി ആവശ്യപ്പെട്ടു. പ്രയാഗ്‌രാജിലെ മുഹമ്മദ് ജാവേദിന്‍റെ വീട് ഭരണകൂടം തകർത്തതിന് തൊട്ടുപിന്നാലെയാണ് മായാവതിയുടെ പ്രതികരണം. വെള്ളിയാഴ്ച നഗരത്തിൽ നടന്ന അക്രമത്തിന് പിന്നിലെ ഗൂഢാലോചനക്കാരിൽ ഒരാളാണെന്ന് ആരോപിച്ച് ജാവേദിനെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
"ഭയത്തിന്‍റെയും ഭീകരതയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിനും പ്രതിഷേധങ്ങളെ തകർക്കുന്നതിനും ബുൾഡോസറുകള്‍ ഉപയോഗിക്കുകയാണ്. വീടുകൾ തകർക്കുന്നതിലൂടെ മുഴുവൻ കുടുംബത്തെയും ലക്ഷ്യം വെയ്ക്കുകയാണ്. തെറ്റായ ഈ നടപടി കോടതി തിരിച്ചറിയണം. നിയമത്തെ നോക്കുകുത്തിയാക്കി സർക്കാർ ബുൾഡോസർ ഉപയോഗിച്ച് നിരപരാധികളായ കുടുംബങ്ങളെ തകര്‍ക്കുകയാണ്"- മായാവതി പറഞ്ഞു.
നുപൂർ ശർമയുടെയും നവീൻ ജിൻഡാലിന്റെയും പരാമര്‍ശങ്ങളാണ് അക്രമത്തിനുള്ള പ്രധാന കാരണമെന്ന് മായാവതി പറഞ്ഞു. ഈ രണ്ടു പേരുടെയും പ്രസ്താവനകൾ കാരണം രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതം സംഭവിച്ചു. അവർക്കെതിരെ നടപടിയെടുക്കാതെ സർക്കാർ എന്തിനാണ് നിയമത്തെ പരിഹസിക്കുന്നത്? രണ്ട് പ്രതികളെയും ജയിലിലേക്ക് അയക്കാത്തത് കടുത്ത പ്രീണനവും ദൗർഭാഗ്യകരവുമാണ്. അവരെ ഉടനെ അറസ്റ്റ് ചെയ്യേണ്ടത് അനിവാര്യതയാണെന്നും മായാവതി പ്രതികരിച്ചു.