ബുള്ളി ബായ്: എഞ്ചിനീയറിങ് വിദ്യാര്‍ഥിയും സംഘവും ആരുടെയോ നിര്‍ദേശപ്രകാരം മുസ്‍ലിം സ്ത്രീകളെ ലക്ഷ്യമിടുകയായിരുന്നുവെന്ന് മഹാരാഷ്ട്ര മന്ത്രി
പിടിയിലായവര്‍ക്ക് പിന്നില്‍ മറ്റാരോ ഉണ്ടെന്ന് വിശ്വസനീയമായ തെളിവുകൾ പൊലീസിന് കിട്ടിയെന്ന് മന്ത്രി
ബുള്ളി ബായ് ആപ്പ് കേസില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയെ പിടികൂടിയത് വഴിത്തിരിവാണെന്ന് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി സതേജ് പാട്ടീല്‍. ആപ്പില്‍ മുസ്‍ലിം സ്ത്രീകളുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ച് ലേലം വിളിച്ച സംഘത്തെ തിരിച്ചറിഞ്ഞു. പ്രതികളെ പിടികൂടാന്‍ ഓപ്പറേഷന്‍ നടത്തിയത് മുംബൈ പൊലീസ് സംഘം തനിച്ചാണെന്ന് മന്ത്രി പറഞ്ഞെന്ന് ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്തു.
ഈ ഘട്ടത്തിൽ ഓപ്പറേഷന്‍റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് മന്ത്രി സതേജ് പാട്ടീല്‍ വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥിയുടെ അറസ്റ്റ് രേഖപ്പെടുത്തും. "ആപ്പിന് പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാളാണ് എഞ്ചിനീയറിങ് വിദ്യാര്‍ഥി. രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്നായി മറ്റു ചിലരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായവര്‍ക്ക് പിന്നില്‍ മറ്റാരോ ഉണ്ടെന്ന് വിശ്വസനീയമായ തെളിവുകൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഈ സ്ത്രീകളെ ലക്ഷ്യംവെയ്ക്കാന്‍ അവരെ ആരോ ഉപയോഗിക്കുകയായിരുന്നു. അവർ ഏതെങ്കിലും സംഘടനയിലോ പാർട്ടിയിലോ ഉള്ളവരാണോ എന്ന് ഞങ്ങൾ പരിശോധിക്കും"- മന്ത്രി വ്യക്തമാക്കി.
അറസ്റ്റ് രേഖപ്പെടുത്താന്‍ കൂടുതല്‍ തെളിവ് ലഭിക്കാനായി കാത്തിരിക്കുകയാണെന്നും സതേജ് പാട്ടീല്‍ പറഞ്ഞു. തെളിവ് കിട്ടാതെ അറസ്റ്റ് ചെയ്താല്‍ കേസ് കോടതിയിലെത്തുമ്പോള്‍ ദുർബലമാകും. ലഭിച്ച വിവരങ്ങളും തെളിവുകളും പൊലീസ് വിശകലനം ചെയ്യുകയാണ്. അതിനുശേഷമേ യഥാര്‍ഥ ചിത്രം വ്യക്തമാകൂ എന്നും മന്ത്രി വിശദീകരിച്ചു. ഇന്ന് വൈകുന്നേരത്തോടെ വാർത്താസമ്മേളനം വിളിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും പാട്ടീൽ പറഞ്ഞു.
മുസ്‍ലിം സ്ത്രീകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ലേലം വിളിക്കുകയും ചെയ്ത സംഭവം അന്വേഷിക്കാന്‍ മഹാരാഷ്ട്ര സർക്കാർ ഞായറാഴ്ചയാണ് മുംബൈ സൈബർ പൊലീസിനോട് ആവശ്യപ്പെട്ടത്. ബുള്ളി ബായ് ആപ്പ് ഡവലപ്പര്‍മാര്‍ക്കെതിരെയും ട്വിറ്റര്‍ അക്കൌണ്ട് കൈകാര്യം ചെയ്തവര്‍ക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സമൂഹത്തില്‍ ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്തല്‍. സ്ത്രീകളുടെ മാന്യതയെ അപമാനിക്കല്‍, അപകീർത്തിപ്പെടുത്തൽ, അശ്ലീലമായ കാര്യങ്ങൾ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ഡല്‍ഹി പൊലീസും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആദ്യം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഡൽഹിയിലും ഉത്തർപ്രദേശിലും ആയിരുന്നതിനാല്‍ അന്വേഷണത്തിന് അവിടത്തെ പൊലീസ് മുൻകൈ എടുക്കണമായിരുന്നുവെന്ന് പാട്ടീല്‍ അഭിപ്രായപ്പെട്ടു. കുറ്റവാളികളെ അന്വേഷിക്കാനും നടപടിയെടുക്കാനും ഡൽഹി പൊലീസ് നടപടിയെടുത്തിരുന്നെങ്കിൽ കൂടുതൽ കേസുകൾ ഉണ്ടാകുമായിരുന്നില്ല. അവിടെയും പൊലീസിന് ശക്തമായ സൈബർ ക്രൈം ടീമുകളുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ് ഡൽഹിയിലാണെന്നും സതേജ് പാട്ടീൽ പറഞ്ഞു. ജനുവരി 10നകം റിപ്പോർട്ട് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് മേധാവി രാകേഷ് അസ്താനയ്ക്ക് ഡൽഹി വനിതാ കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.
വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച മുസ്‍ലിം സ്ത്രീകളുടെ ചിത്രങ്ങൾ ശേഖരിച്ച് പ്രദര്‍ശിപ്പിച്ചാണ് 'ബുള്ളി ബായ്' എന്ന പേരിൽ ആപ്പ് പ്രത്യക്ഷപ്പെട്ടത്. മുസ്‍ലിം സ്ത്രീകളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ശേഖരിച്ച് ആപ്പില്‍ അപ്‍ലോഡ് ചെയ്ത് അവരെ ലേലത്തില്‍ വയ്ക്കുകയായിരുന്നു. ഇതോടെയാണ് ആപ്പിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച 'സുള്ളി ഡീൽസി'നു ശേഷമാണ് സമാനമായ ക്യാമ്പെയിന്‍ തുടങ്ങിയത്. സുള്ളി ഡീല്‍സ് പോലെ ഗിറ്റ്ഹബ് പ്ലാറ്റ്ഫോമില്‍ തന്നെയാണ് ബുള്ളി ബായ് ആപ്പും എത്തിയത്.
ദ വയർ, ദ ഹിന്ദു, ന്യൂസ്‌ലോൺഡ്രി അടക്കമുള്ള മാധ്യമങ്ങൾക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മാധ്യമപ്രവർത്തക ഇസ്മത് ആറയാണ് പുതിയ പേരിലുള്ള മുസ്‌ലിം വിദ്വേഷ ക്യാംപയിനെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. തന്‍റെ ഫോട്ടോകള്‍ ചേര്‍ത്തുവച്ച് ബുള്ളി ബായ് ആപ്പില്‍ വില്‍പ്പനയ്ക്ക് വെച്ചെന്നാണ് ഇസ്മത് ട്വീറ്റ് ചെയ്തത്. പിന്നാലെ ലേലത്തിനെന്ന പേരില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ പുറത്തുവന്നു.
സാമൂഹ്യ പ്രവർത്തകർ, വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ, കലാകാരികൾ, ഗവേഷകർ അടക്കം വിവിധ മേഖലകളിൽ ശ്രദ്ധേയരായ മുസ്‍ലിം സ്ത്രീകളെ ലക്ഷ്യമിട്ട് അഞ്ചു മാസം മുൻപ് 'സുള്ളി ഡീൽസ്' എന്ന ആപ്പ് ദേശീയതലത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. മുസ്‍ലിം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്നതിനൊപ്പം ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും ആഹ്വാനം ചെയ്യുന്ന തരത്തിലായിരുന്നു ആപ്പ്. അന്ന് കേസെടുത്തെങ്കിലും അറസ്റ്റോ തുടര്‍നടപടികളോ ഉണ്ടായില്ലെന്ന് പരാതിയുണ്ട്.