'പണത്തിനായി ചെയ്തതാണെന്ന് തോന്നുന്നു': ബുള്ളി ബായ് കേസില്‍ പിടിയിലായ പെണ്‍കുട്ടിയെ കുറിച്ച് ഉത്തരാഖണ്ഡ് പൊലീസ്
ബുള്ളി ബായ് ആപ്പ് കേസില്‍ മൂന്ന് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്
മുസ്‍ലിം സ്ത്രീകളെ 'വില്‍പ്പനയ്ക്കു വെച്ച' ബുള്ളി ബായ് ആപ്പിനു പിന്നിലെ ബുദ്ധികേന്ദ്രം ശ്വേത സിങ് എന്ന 18 വയസുകാരിയാണെന്ന് പൊലീസ്. പണത്തിനായാണ് ശ്വേത സിങ് ഇങ്ങനെ ചെയ്തതെന്ന് തോന്നുന്നുവെന്ന് ഉത്തരാഖണ്ഡ് പൊലീസ് പറയുന്നു.
"ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ നിന്ന് അറസ്റ്റിലായ പെണ്‍കുട്ടി ദരിദ്രയാണ്. ശ്വേതയുടെ പിതാവ് കോവിഡ് ബാധിച്ചു മരിച്ചു. അമ്മ നേരത്തെ മരിച്ചു. പണത്തിന് വേണ്ടിയാണ് പെണ്‍കുട്ടി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതെന്ന് തോന്നുന്നു"- ഉത്തരാഖണ്ഡ് പൊലീസ് മേധാവി അശോക് കുമാർ പറഞ്ഞു.
ബുള്ളി ബായ് ആപ്പ് കേസില്‍ മൂന്ന് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇതില്‍ ഉള്‍പ്പെട്ട കൂടുതൽ പേരെ കുറിച്ച് അന്വേഷിക്കുകയാണെന്ന് മുംബൈ പോലീസ് കമ്മീഷണർ ഹേമന്ത് നഗ്രാലെ പറഞ്ഞു. ബംഗളൂരുവില്‍ നിന്നും 21കാരനായ എഞ്ചിനീയറിങ് വിദ്യാര്‍ഥി വിശാല്‍ കുമാര്‍ ഝായെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നാലെ ഉത്തരാഖണ്ഡില്‍ നിന്നും ശ്വേത സിങിനെ അറസ്റ്റ് ചെയ്തു. 21കാരനായ മായങ്ക് റാവലിനെയും ഉത്തരാഖണ്ഡില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഈ മൂന്നു പേരും മറ്റാരുടെയെങ്കിലും നിര്‍ദേശ പ്രകാരമാണോ ആപ്പ് ഡെവലപ്പ് ചെയ്തതെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം തുടരുകയാണ്.
ഡിസംബർ 31നാണ് ആപ്പ് ഡെവലപ്പ് ചെയ്തത്. ഗിറ്റി ഹബ് എന്ന പ്ലാറ്റ്ഫോമിലാണ് ആപ്പ് പ്രത്യക്ഷപ്പെട്ടത്. നൂറോളം മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകള്‍ 'ലേലത്തിന്' എന്ന പേരില്‍ അപ്‍ലോഡ് ചെയ്യുകയായിരുന്നു. നടി ശബാന ആസ്മി, ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് കാണാതായ നജീബ് അഹ്‌മദിന്റെ മാതാവ് ഫാത്തിമ നഫീസ, എഴുത്തുകാരി റാണ സഫ്വി, മുതിർന്ന മാധ്യമപ്രവർത്തക സബാ നഖ്വി, റേഡിയോ ജോക്കി സായിമ, സാമൂഹികപ്രവർത്തക സിദ്‌റ, മാധ്യമപ്രവർത്തക ഖുർറത്തുൽഐൻ റെഹ്ബർ, ജെഎൻയു വിദ്യാർഥി നേതാവായിരുന്ന ഷെഹ്‍ല റാഷിദ് അടക്കം നൂറുകണക്കിനു മുസ്‍ലിം സ്ത്രീകളെയാണ് ഇവരുടെ ചിത്രങ്ങൾ സഹിതം ആപ്പിൽ 'വിൽപനയ്ക്കു വെച്ച'ത്.
കഴിഞ്ഞ വർഷം ജൂലൈയിൽ പുറത്തുവന്ന 'സുള്ളി ഡീൽസ്' എന്ന ആപ്പിന്‍റെ മറ്റൊരു പതിപ്പാണ് 'ബുള്ളി ബായ്'. ഹിന്ദുത്വ വർഗീയവാദികൾ മുസ്‍ലിം വനിതകളെ അധിക്ഷേപിച്ച് വിളിക്കാൻ ഉപയോഗിക്കുന്ന പദമാണ് 'സുള്ളി'. സുള്ളി ഓഫ് ദ ഡേ എന്ന തലക്കെട്ടോടെയാണ് സ്ത്രീകളുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചത്. ഈ സംഭവത്തില്‍ ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. ആറു മാസത്തിനു ശേഷമാണ് സമാനമായ രീതിയില്‍ ബുള്ളി ബായ് എത്തിയത്. അതത് സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡല്‍ഹിയിലും ഹൈദരാബാദിലും മുംബൈയിലും കേസ് രജിസ്റ്റര്‍ ചെയ്തു. മുംബൈ പൊലീസിന്‍റെ അന്വേഷണത്തിലാണ് മൂന്നു പേര്‍ പിടിയിലായത്.