'ബുള്ളി ബായ്': സിഖ് പേരിൽ അക്കൗണ്ടുണ്ടാക്കി; മുസ്‌ലിം സ്ത്രീകളെ ലേലത്തിന് വച്ചു

പ്രതിയായ യുവാവ് അക്കൗണ്ട് സൃഷ്ടിച്ചത് ഖൽസാ സുപ്രമാസിസ്റ്റ് എന്ന സിഖ് പേരിലായിരുന്നു. ഡിസംബർ 31ന് മറ്റു അക്കൗണ്ടുകളും ഇയാൾ സിഖ് സമൂഹവുമായി ബന്ധപ്പെടുത്തുന്ന ഖൽസ പേരുകളിലേക്ക് മാറ്റി

Update: 2022-01-04 12:18 GMT
Advertising

മുസ്‌ലിം സ്ത്രീകളെ ലേലത്തിന് വച്ച ബുള്ളി ബായ് ആപ്പ് നിയന്ത്രിച്ചത് സിഖ് പേരുകളിലുള്ള അക്കൗണ്ട് വഴി. മുഖ്യപ്രതിയായ യുവതി മൂന്നു അക്കൗണ്ടുകൾ സൃഷ്ടിച്ചാണ് വിദ്വേഷ പ്രചാരണം നയിച്ചത്. മറ്റൊരു പ്രതിയായ യുവാവ് അക്കൗണ്ട് സൃഷ്ടിച്ചത് ഖൽസാ സുപ്രമാസിസ്റ്റ് എന്ന സിഖ് പേരിലായിരുന്നു. ഡിസംബർ 31ന് മറ്റു അക്കൗണ്ടുകളും ഇയാൾ സിഖ് സമൂഹവുമായി ബന്ധപ്പെടുത്തുന്ന ഖൽസ പേരുകളിലേക്ക് മാറ്റി. 'ബുള്ളിബായ്' എന്ന ട്വിറ്റർ ഹാൻഡിൽ വഴിയും ആപ്പിന്റെ പ്രചാരണം നടത്തിയിരുന്നു. ഖാലിസ്ഥാനി ചിത്രമാണ് ട്വിറ്റർ ഹാൻഡിലിലുണ്ടായിരുന്നത്.

Full View

ആപ്പ് വഴി മുസ്‌ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ കേസിൽ മുഖ്യപ്രതിയായ യുവതിയെ ഉത്തരാഖണ്ഡിൽ നിന്നാണ് മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മുംബൈ സൈബർ സെൽ വിഭാഗം യുവതിയെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ കേസിൽ അറസ്റ്റിലായ 21കാരൻ വിശാൽ കുമാറും യുവതിയും പരസ്പരം അറിയുമെന്ന് പൊലീസ് വ്യക്തമാക്കി. എൻജിനീയറിങ് വിദ്യാർഥി വിശാൽ കുമാറിനെ ബംഗളൂരുവിൽ നിന്നാണ് മുംബൈ പൊലീസ് പിടികൂടിയിരുന്നത്. ഇയാളെ ബാന്ദ്ര കോടതി ജനുവരി പത്തു വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങൾ ശേഖരിച്ച് പ്രദർശിപ്പിച്ചാണ് 'ബുള്ളി ബായ്' എന്ന പേരിൽ ആപ്പ് പ്രത്യക്ഷപ്പെട്ടത്. മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ശേഖരിച്ച് ആപ്പിൽ അപ്‌ലോഡ് ചെയ്ത് അവരെ ലേലത്തിൽ വയ്ക്കുകയായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച 'സുള്ളി ഡീൽസി'നു ശേഷമാണ് സമാനമായ ക്യാമ്പെയിൻ തുടങ്ങിയത്. സുള്ളി ഡീൽസ് പോലെ ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോമിൽ തന്നെയാണ് ബുള്ളി ബായ് ആപ്പും എത്തിയത്. പ്രതിഷേധം ഉയർന്നതോടെ പ്ലാറ്റ്‌ഫോമിൽനിന്ന് ആപ്പ് നീക്കിയിട്ടുണ്ട്.

ദ വയർ, ദ ഹിന്ദു, ന്യൂസ്ലോൺഡ്രി അടക്കമുള്ള മാധ്യമങ്ങൾക്കു വേണ്ടി റിപ്പോർട്ട് ചെയ്തിട്ടുള്ള മാധ്യമപ്രവർത്തക ഇസ്മത് ആറയാണ് പുതിയ പേരിലുള്ള മുസ്ലിം വിദ്വേഷ ക്യാംപയിനിനെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. തന്റെ ഫോട്ടോകൾ ചേർത്തുവച്ച് ബുള്ളി ബായ് ആപ്പിൽ വിൽപ്പനയ്ക്ക് വെച്ചെന്നാണ് ഇസ്മത് ട്വീറ്റ് ചെയ്തിരുന്നത്. പിന്നാലെ ലേലത്തിനെന്ന പേരിൽ പ്രദർശിപ്പിക്കപ്പെട്ട വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ പുറത്തുവന്നു. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന് കാണാതായ നജീബ് അഹ്‌മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്വി, മുതിർന്ന മാധ്യമപ്രവർത്തക സബാ നഖ്വി, റേഡിയോ ജോക്കി സായിമ, സാമൂഹികപ്രവർത്തക സിദ്റ, മാധ്യമപ്രവർത്തക ഖുർറത്തുൽഐൻ റെഹ്ബർ, ജെഎൻയു വിദ്യാർത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് അടക്കം നൂറുകണക്കിനു മുസ്‌ലിം സ്ത്രീകളെയാണ് ഇവരുടെ ചിത്രങ്ങൾ സഹിതം ആപ്പിൽ വിൽപനയ്ക്കു വച്ചിരിക്കുന്നത്. സിഎഎ വിരുദ്ധ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന മലയാളി വിദ്യാർത്ഥി നേതാക്കളായ ലദീദ സഖലൂനും ആയിഷ റെന്നയും ഇക്കൂട്ടത്തിലുണ്ട്. നേരത്തെ സുള്ളി ഡീൽസിലും ഇവരുടെ ചിത്രങ്ങൾ പങ്കുവച്ച് വിൽപനയ്ക്കു വച്ചിരുന്നു.

സംഭവം വിവാദമായതോടെ ബുള്ളി ബായ് ആപ്പ് ബ്ലോക്ക് ചെയ്‌തെന്ന് കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു. മുസ്ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ട്വീറ്റുകൾ നീക്കം ചെയ്യാൻ ട്വിറ്ററിന് ഡൽഹി പൊലീസ് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. പിന്നാലെയാണ് മുംബൈ പൊലീസ് ഒരാളെ പിടികൂടിയത്. സമൂഹത്തിൽ ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ. സ്ത്രീകളുടെ മാന്യതയെ അപമാനിക്കൽ, അപകീർത്തിപ്പെടുത്തൽ, അശ്ലീലമായ കാര്യങ്ങൾ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ഡൽഹി പൊലീസും മുംബൈ പൊലീസും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമൂഹ്യ പ്രവർത്തകർ, വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ, കലാകാരികൾ, ഗവേഷകർ അടക്കം വിവിധ മേഖലകളിൽ ശ്രദ്ധേയരായ മുസ്‌ലിം സ്ത്രീകളെ ലക്ഷ്യമിട്ട് അഞ്ചു മാസം മുൻപ് 'സുള്ളി ഡീൽസ്' എന്ന ആപ്പ് ദേശീയതലത്തിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. മുസ്‌ലിം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്നതിനൊപ്പം ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും ആഹ്വാനം ചെയ്യുന്ന തരത്തിലായിരുന്നു ആപ്പ്.

നടപടിക്ക് ഉത്തരവിട്ട് മഹാരാഷ്ട്ര; വിമർശനവുമായി കോൺഗ്രസ്, ശിവസേന നേതാക്കൾ

പുതിയ ആപ്പിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ വലിയ തോതിലുള്ള പ്രതിഷേധവുമുയർന്നിട്ടുണ്ട്. വിഷയത്തിൽ ഡൽഹി പൊലീസിനു കീഴിലുള്ള സൈബർ സെല്ലിൽ പരാതി നൽകിയതായി ഇസ്മത് ആറ ട്വീറ്റ് ചെയ്തു. ഇതിനു പിന്നാലെ വിഷയം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഉചിതമായ നടപടിയെടുക്കാൻ ബന്ധപ്പെട്ട വൃത്തങ്ങൾക്ക് ഉത്തരവ് നൽകിയിയിട്ടുണ്ടെന്നും ഡൽഹി പൊലീസ് ട്വീറ്റ് ചെയ്തു. ഇത്തരം ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കെതിരെ മഹാരാഷ്ട്ര സർക്കാർ ശക്തമായ നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി സതേജ് ഡി പാട്ടീലും ട്വീറ്റ് ചെയ്തിട്ടുണ്ട്. ബുള്ളി ബായ് ആപ്പിനെതിരെ നടപടി സ്വീകരിക്കാൻ മഹാരാഷ്ട്ര സൈബർ സെല്ലിനോട് നിർദേശിച്ചിട്ടുണ്ടെന്നും അവർ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ആപ്പിനു പിന്നിലെ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിഹാറിലെ കിഷൻഗഞ്ചിൽനിന്നുള്ള കോൺഗ്രസ് എംപി ഡോ. മുഹമ്മദ് ജവായ്ദ് ട്വീറ്റ് ചെയ്തു. സുള്ളി ഡീൽസിനെതിരെ 56 എംപിമാർക്കൊപ്പം അമിത് ഷായ്ക്ക് പരാതി നൽകിയിരുന്നതാണെന്നും എന്നാൽ, ഇപ്പോഴത് പുതിയ പേരിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീർത്തും അസ്വസ്തതയുണ്ടാക്കുന്നതാണ് പുതിയ സംഭവമെന്ന് ഗുജറാത്തിലെ വാദ്ഗാം എംഎൽഎയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനി പ്രതികരിച്ചു. ഭാവിയിൽ ഇത്രയും ലജ്ജാകരമായ കൃത്യങ്ങൾക്ക് മുതിരാൻ പോലും അനുവദിക്കാത്ത തരത്തിൽ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മേവാനി ട്വീറ്റ് ചെയ്തു.

ആപ്പിനെക്കുറിച്ച് മുംബൈ പൊലീസിനോടും ഡിസിപിയോടും മഹാരാഷ്ട്ര ഡിജിപിയോടും സംസാരിച്ചിട്ടുണ്ടെന്ന് പ്രിയങ്ക ശിവസേന എംപി പ്രിയങ്ക ചതുർവേദി അറിയിച്ചു. ഇത്തരം സ്ത്രീവിരുദ്ധ സൈറ്റുകൾക്കു പിന്നിലുള്ളവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവർ അറിയിച്ചു.

bully bai app, which auctioned off Muslim women, was controlled by an account in Sikh names

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News