2047ഓടെ ജാതിക്കും വർഗീയതയ്ക്കും അഴിമതിക്കും ഇന്ത്യയിൽ ഇടമുണ്ടാകില്ല-പ്രധാനമന്ത്രി നരേന്ദ്ര മോദി

''2047ഓടെ രാജ്യം വികസിതരാജ്യങ്ങളുടെ പട്ടികയിലുണ്ടാകും. നമ്മുടെ ജനങ്ങളുടെ ജീവിതനിലവാരം ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളിലേതിനു തുല്യമാകും.''

Update: 2023-09-03 15:57 GMT
Editor : Shaheer | By : Web Desk

നരേന്ദ്ര മോദി

Advertising

ന്യൂഡൽഹി: 2047ഓടെ ഇന്ത്യ വികസിത രാജ്യങ്ങളുടെ പട്ടികയിലുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദരിദ്രജനങ്ങൾ പട്ടിണിക്കെതിരായ പോരാട്ടം ജയിക്കും. അഴിമതിക്കും ജാതിക്കും വർഗീയതയ്ക്കും ഇന്ത്യയില്‍ ഇടമുണ്ടാകില്ലെന്നും മോദി പറഞ്ഞു.

വാർത്താ ഏജൻസിയായ 'പി.ടി.ഐ'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമാക്കിയത്. ലോകചരിത്രത്തിൽ ദീർഘകാലം ലോകത്തെ മുൻനിര സമ്പദ്ഘടനകളിലൊന്നായിരുന്നു ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. പലതലങ്ങളിലുള്ള കോളനിവൽക്കരണത്തിലൂടെ ആഗോളതലത്തിലെ നമ്മുടെ പാദമുദ്രകൾ മാഞ്ഞുവന്നു. എന്നാൽ, ഇന്ത്യ വീണ്ടും വളർച്ചയുടെ പാതയിലാണിപ്പോൾ. ആഗോള സാമ്പത്തിക പട്ടികയിൽ വെറും ഒരു പതിറ്റാണ്ടിനുള്ളിലാണ് പത്താം സ്ഥാനത്തുനിന്ന് നമ്മൾ അഞ്ചാം സ്ഥാനത്തേക്കു കുതിച്ചുചാട്ടമുണ്ടാക്കിയതെന്നും മോദി പറഞ്ഞു.

''നമ്മൾക്കു ജനാധിപത്യവും(democracy) ജനസംഖ്യയും(demography) വൈവിധ്യവും(diversity) എല്ലാമുണ്ട്. ഇനി മറ്റൊരു 'ഡി' കൂടി ഇതിലേക്കു ചേർക്കപ്പെടാൻ പോകുകയാണ്; വികസനം(development). 2047 വരെയുള്ള കാലയളവ് വലിയൊരു അവസരമാണ്. അടുത്ത ആയിരം വർഷക്കാലം ഓർമിക്കപ്പെടാൻ പോകുന്ന വളർച്ചയുടെ അടിത്തറയിടാനുള്ള വലിയൊരു അവസരമാണ് ഈ യുഗത്തിൽ ജീവിക്കുന്ന ഇന്ത്യക്കാർക്കു മുന്നിലുള്ളത്.''

2047ഓടെ രാജ്യം വികസിതരാജ്യങ്ങളുടെ കൂട്ടത്തിലുണ്ടാകുമെന്നു തനിക്ക് ഉറപ്പുണ്ടെന്നും മോദി പറഞ്ഞു. നമ്മുടെ സാമ്പത്തികരംഗം കൂടുതൽ നവീനവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ആകും. നമ്മുടെ ദരിദ്രജനത പട്ടിണിക്കെതിരായ പോരാട്ടത്തില്‍ സമ്പൂർണമായി വിജയിക്കും. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹികരംഗങ്ങളിലെല്ലാം ലോകോത്തരമായ ഫലങ്ങളുണ്ടാകും. അഴിമതിയ്ക്കും ജാതിക്കും വർഗീയതയ്ക്കുമൊന്നും നമ്മുടെ ദേശീയജീവിതത്തിൽ ഇടമുണ്ടാകില്ല. നമ്മുടെ ജനങ്ങളുടെ ജീവിതനിലവാരം ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളിലേതിനു തുല്യമാകും. പ്രകൃതിക്കും സംസ്‌കാരത്തിനും കോട്ടമുണ്ടാക്കാതെയാകും ഇതെല്ലാം നാം നേടിയെടുക്കുകയെന്നും മോദി കൂട്ടിച്ചേർത്തു.

Summary: ''By 2047 Corruption, casteism and communalism will have no place in our national life'': PM Narendra Modi

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News