'ഫോൺ നമ്പറുകൾ വാങ്ങി മാതാപിതാക്കളെ ഭീഷണിപ്പെടുത്തുന്നു'; ബൈജൂസ് ആപ്പിനെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ
വിശദ അന്വേഷണം നടത്തി സർക്കാറിന് റിപ്പോർട്ട് നൽകുമെന്ന് പ്രിയങ്ക് കനൂംഗോ
ന്യൂഡൽഹി: പ്രമുഖ എഡ്യുടെക് കമ്പനിയായ ബൈജൂസ് ആപ്പിനെതിരെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ). ബൈജൂസ് ആപ്പ് കുട്ടികളുടെയും മാതാപിതാക്കളുടെയും ഫോൺ നമ്പറുകൾ വാങ്ങി നിരന്തരം ശല്യപ്പെടുത്തുകയും കോഴ്‌സുകൾ വാങ്ങിയില്ലെങ്കിൽ അവരുടെ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് എൻസിപിസിആർ ചെയർപേഴ്‌സൺ പ്രിയങ്ക് കനൂംഗോ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
ആദ്യ തലമുറയിലെ പഠിതാക്കളെയാണ് അവർ ലക്ഷ്യമിടുന്നത്. നിരവധി പരാതികളാണ് ഇതുസംബന്ധിച്ച് ലഭിച്ചതെന്നും ഇതിന്റെ അടിസ്ഥാനത്തിൽ നടപടി ആരംഭിച്ചിട്ടുണ്ടെന്നും എൻസിപിസിആർ ചെയർപേഴ്‌സൺ പറഞ്ഞു. ഇക്കാര്യത്തിൽ വിശദ അന്വേഷണം നടത്തി സർക്കാറിന് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും കോഴ്‌സ്‌കൾ വിറ്റഴിച്ചെന്ന പരാതിയിൽ ഡിസംബർ 23 ന് ബൈജൂസ് സി.ഇ.ഒ ബൈജു രവീന്ദ്രനോട് നേരിട്ട് ഹാജരാകാനും ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കമ്മീഷൻ സമൻസ് അയച്ചിരുന്നു. ബൈജുവിന്റെ സെയിൽസ് ടീം ദുഷ്പ്രവണതകൾ നടത്തുന്നുവെന്നെന്ന വാർത്താ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചൈൽഡ് പാനൽ നടപടി സ്വീകരിച്ചത്.
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള എജ്യു സ്റ്റാർട്ടപ്പാണ് മലയാളിയായ ബൈജു രവീന്ദ്രൻ നേതൃത്വം നൽകുന്ന ബൈജൂസ്. 22 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ ആകെ മൂല്യം. ആകാശ അടക്കമുള്ള വമ്പൻ കമ്പനികളെ ബൈജൂസ് ഏറ്റെടുത്തെങ്കിലും ഓൺലൈൻ ട്യൂഷൻ രംഗത്ത് മത്സരം കടുത്തത് ബൈജൂസിന്റെ വളർച്ചയ്ക്ക് തടസ്സമായി. രണ്ടു വർഷത്തിനിടെ മാത്രം ഏറ്റെടുക്കലുകൾക്ക് മാത്രമായി 2.5 ബില്യൺ യുഎസ് ഡോളറാണ് ബംഗളൂരു ആസ്ഥാനമായ കമ്പനി ചെലവഴിച്ചിരുന്നത്.
2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 4,588 കോടിയാണ് ബൈജൂസിന്റെ നഷ്ടം. മുൻ വർഷത്തെ അപേക്ഷിച്ച് 19 മടങ്ങ് കൂടുതലാണ് നഷ്ടം. 2021ലെ വരുമാനം 2511 കോടിയിൽനിന്ന് 2428 കോടിയായി ചുരുങ്ങുകയും ചെയ്തിരുന്നു. 2022 സാമ്പത്തിക വർഷത്തിൽ വരുമാനം 10,000 കോടിയിലെത്തുമെന്നാണ് കമ്പനി പറയുന്നത്.
2021 സാമ്പത്തിക വർഷത്തിൽ ബൈജൂസിന്റെ പരസ്യ, പ്രചാരണ ചെലവ് 150 ശതമാനം കുത്തനെ ഉയർന്നിരുന്നു. 899 കോടിയിൽനിന്ന് ഒറ്റയടിക്ക് 2,251 കോടിയായാണ് ഇത് ഉയർന്നത്. എന്നാൽ, വരുമാനത്തിൽ വെറും നാല് ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്. വാർഷിക വരുമാനം 2,280 ആയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 4,588 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് 17 ഇരട്ടിയായിരുന്നു നഷ്ടത്തിന്റെ തോത്. ഇതിനു പിന്നാലെ തൊഴിലാളികളെ വ്യാപകമായി പിരിച്ചുവിട്ട് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായിരുന്നു ബൈജൂസിന്റെ നീക്കം.