സിറ്റിംഗ് സീറ്റുകൾ പോലും നഷ്ടമായി; ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ ഞെട്ടി ബി.ജെ.പി
നിയമസഭാ തെരഞ്ഞെടുപ്പിൽ ട്രെൻഡ് തുടരുമെന്ന പ്രതീക്ഷയിൽ പ്രതിപക്ഷം
ന്യൂഡല്‍ഹി: ഉപതെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവി ബി.ജെ.പി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ട്രെൻഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിലും തുടരുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. മഹാരാഷ്ട്ര, ഹരിയാന ജാർഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് ഇക്കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഉപതെരഞ്ഞെടുപ്പിൽ 13-ല്‍ 10 സീറ്റുകളിലും ഇന്‍ഡ്യ സഖ്യ പാര്‍ട്ടികള്‍ വിജയിച്ചപ്പോള്‍ രണ്ടിടത്ത് മാത്രമാണ് എന്‍ഡിഎയ്ക്ക് വിജയിക്കാനായത്. സിറ്റിംഗ് സീറ്റുകൾ പോലും നഷ്ടപ്പെട്ടത് അക്ഷരാർത്ഥത്തിൽ ബി.ജെ.പി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കൂട്ടായ പ്രവർത്തനമാണ് പാർട്ടി ലക്ഷ്യം ഇടുന്നത്.
അതേസമയം, നിയമസഭ ഉപതെരഞ്ഞെടുപ്പുകളുടെ വിജയം വരാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടൽ. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ട്രെൻഡ് സംസ്ഥാന നിയമസഭകളിലേക്കും സ്വാധീനിക്കും എന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.
ബി.ജെ.പി നെയ്ത ഭയത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും വല തകർക്കുന്നതാണ് ഏഴു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയമെന്നാണ് രാഹുൽ ഗാന്ധി എക്സില്‍ കുറിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കുശേഷം നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കേന്ദ്രമന്ത്രിമാർ അടക്കമുള്ള സംഘത്തെ നേരത്തെ തന്നെ ബി.ജെ.പി നിയമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം നേരിട്ടുള്ള ഇടപെടലിന് തയ്യാറെടുക്കുകയാണ്.