സി.എ.എ വിജ്ഞാപനം: സർക്കാർ ലക്ഷ്യം ധ്രുവീകരണമെന്ന് കോൺഗ്രസ്
‘ഇലക്ടറൽ ബോണ്ട് വിധിയിലെ തിരിച്ചടിയിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കം’
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിനെതിരെ കോൺഗ്രസ്. തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് വിജ്ഞാപനം പുറത്തിറക്കിയതിന്റെ ലക്ഷ്യം ധ്രുവീകരണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
2019 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാൻ മോദി സർക്കാറിന് നാല് വർഷവും മൂന്ന് മാസവും എടുത്തു. പ്രധാനമന്ത്രി അവകാശപ്പെടുന്നത് തന്റെ സർക്കാർ സമയബന്ധിതമായി പ്രവർത്തിക്കുന്നുവെന്നാണ്. സി.എ.എ വിജ്ഞാപനം പുറത്തിറക്കാനെടുത്ത സമയം പ്രധാനമന്ത്രിയുടെ നഗ്നമായ നുണകളുടെ മറ്റൊരു പ്രകടനമാണ്.
ഒമ്പത് തവണ മാറ്റിവെച്ച വിജ്ഞപനം തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പുറത്തിറക്കിയതിന്റെ ലക്ഷ്യം ധ്രുവീകരണമാണ്. പ്രത്യേകിച്ച് പശ്ചിമ ബംഗാളിലും അസ്സമിലും. ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽനിന്ന് ഏറ്റ തിരിച്ചടികളെ മറക്കാനുള്ള ശ്രമമായിട്ടും ഇതിനെ കാണണമെന്നും ജയറാം രമേശ് വ്യക്തമാക്കി.
2019ലാണ് പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ മൂന്ന് അയൽരാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ പ്രത്യേക വകുപ്പുകൾ ഉൾക്കൊള്ളുന്ന നിയമം പാർലമെന്റ് പാസാക്കിയത്. 2020 ജനുവരി 10ന് നിയമം നിലവിൽ വന്നെങ്കിലും ചട്ടങ്ങൾ രൂപവത്കരിക്കാത്തതിനാൽ നടപ്പാക്കിയിരുന്നില്ല. കോവിഡ് മഹാമാരിയും നിയമം നടപ്പാക്കുന്നത് മാറ്റിവെക്കാൻ കാരണമായി.
നിയമപ്രകാരം 2014 ഡിസംബർ 31നുമുമ്പ് കുടിയേറിയ ഹിന്ദു, സിഖ്, ജയിൻ, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളെയാണ് പൗരത്വത്തിന് പരിഗണിക്കുക. പൗരത്വത്തിനായി മതം പരിഗണിക്കുന്നതും നിയമത്തിന്റെ പരിധിയിൽനിന്ന് മുസ്ലിംകളെ ഒഴിവാക്കിയതും വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി ഏറെ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇത് കാരണമായി. രാജ്യവ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്.