ബംഗാള്‍ സംഘര്‍ഷം സിബിഐ അന്വേഷിക്കണം: കല്‍ക്കട്ട ഹൈക്കോടതി

സാഹചര്യ തെളിവുകള്‍ പരിശോധിക്കുമ്പോള്‍ സംസ്ഥാന പോലീസിന് ഈ കേസ് അന്വേഷിക്കാനാകില്ലെന്നാണ് വ്യക്തമാകുന്നതെന്ന് കോടതി നിരീക്ഷിച്ചു

Update: 2022-03-25 06:11 GMT
Advertising

പശ്ചിമ ബംഗാളിലെ ബീര്‍ഭൂമിലുണ്ടായ സംഘര്‍ഷം സിബിഐ അന്വേഷിക്കും. കല്‍ക്കട്ട ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരാഴ്ചക്കകം സിബിഐ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഏപ്രില്‍ 7നാണ് കോടതി ഇനി കേസ് പരിഗണിക്കുക.

സാഹചര്യ തെളിവുകള്‍ പരിശോധിക്കുമ്പോള്‍ സംസ്ഥാന പോലീസിന് ഈ കേസ് അന്വേഷിക്കാനാകില്ലെന്നാണ് വ്യക്തമാകുന്നതെന്ന് കോടതി നിരീക്ഷിച്ചു. തെളിവുകൾ സുരക്ഷിതമാക്കാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും സാക്ഷികള്‍ക്ക് സംരക്ഷണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 22 പേരാണ് ഇതുവരെ അറസ്റ്റിലായത്. അക്രമത്തിൽ പങ്കുള്ള കൂടുതൽ പേർക്കായി തെരച്ചിൽ നടത്തുന്നുണ്ടെന്ന് ബംഗാൾ പൊലീസ് കോടതിയെ അറിയിച്ചു. സംഘർഷത്തെക്കുറിച്ച് ബംഗാൾ സർക്കാർ ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറും.

ബീർഭൂമിലുണ്ടായ സംഘർഷത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബാദു ഷെയ്ഖിന്‍റെ കൊലപാതകത്തിന് പിന്നാലെയായിരുന്നു സംഘ‍ർഷം. പ്രശ്നബാധിത സ്ഥലം മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ സന്ദർശിച്ചു. സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ജോലിയും അഞ്ചു ലക്ഷം രൂപ ധനസഹായവും മമത പ്രഖ്യാപിച്ചു.

ആക്രമണം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് സംഘര്‍ഷമുണ്ടായ പ്രദേശങ്ങളില്‍ മമത സന്ദർശനം നടത്തിയത്. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. ആളുകളെ കൊല്ലുന്നതും വീടുകൾക്ക് തീവെക്കുന്നതും കുറ്റകരമാന്നെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും മമത പറഞ്ഞു. ആക്രമണത്തിൽ പങ്കെടുത്ത തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്യാനും മുഖ്യമന്ത്രി നിർദേശം നൽകി.

സിബിഐ അന്വേഷണം ബിജെപി നേതാക്കള്‍ സ്വാഗതം ചെയ്തു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കൽക്കട്ട ഹൈക്കോടതിയോട് നന്ദിയുണ്ടെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പ്രതികരിച്ചു. മമത ബാനർജി ഉത്തരവിട്ട പ്രത്യേക അന്വേഷണത്തില്‍ വിശ്വാസമില്ല. കുറ്റകൃത്യം മറച്ചുവെക്കാനും ക്രൂരമായ കൊലപാതകങ്ങളിൽ ഉൾപ്പെട്ട തൃണമൂല്‍ നേതാക്കളെ സംരക്ഷിക്കാനുമുള്ള ഒരു ഉപാധിയാണ് ആ അന്വേഷണമെന്ന് തോന്നിയെന്നും അമിത് മാളവ്യ ട്വീറ്റ് ചെയ്തു.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News