കർണാടകയിൽ ക്ഷേത്രപരിസരങ്ങളിലെ മുസ്‌ലിം വ്യാപാരിവിലക്ക് കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുന്നു

മുസ്‍ലിം വ്യാപാരികളെ ക്ഷേത്രപരിസരങ്ങളിൽനിന്ന് പൂർണമായി വിലക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹിന്ദു സംഘടനകൾ കര്‍ണാടക സർക്കാരിനെ സമീപിച്ചിരിക്കുകയാണ്

Update: 2022-03-26 10:35 GMT
Editor : Shaheer | By : Web Desk
Advertising

കർണാടകയിൽ ക്ഷേത്രപരിസരങ്ങളിൽ മുസ്‍ലിം വ്യാപാരികൾക്ക് കച്ചവട വിലക്കേർപ്പെടുത്തിയ നടപടി കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുന്നു. ഉത്സവവേളകളിലും മറ്റ് ക്ഷേത്ര പരിപാടികൾക്കിടയിലുമെല്ലാമാണ് ക്ഷേത്ര പരിസരങ്ങളിൽ മുസ്‍ലിം വ്യാപാരികൾ കച്ചവടം നടത്തുന്നത് ശിവമോഗ, ദക്ഷിണ കന്നട ജില്ലകളിൽ വിലക്കിയത്. ഇതിനെ ചുവടുപിടിച്ച് ബംഗളൂരു അർബൻ, ഹാസൻ, തുമകുരു, ചിക്മഗളൂരു എന്നീ ജില്ലകളിലും മുസ്‍ലിം വ്യാപാരികൾക്ക് വിലക്കേർപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

2002ലെ കർണാടക റിലീജ്യസ് ഇൻസ്റ്റിറ്റിയൂഷൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്ട് പ്രകാരം ക്ഷേത്ര പരിസരങ്ങളിൽ കച്ചവടം നടത്തുന്നതിന് അഹിന്ദുക്കൾക്ക് വിലക്കുണ്ട്. ഇത് എന്നാൽ, ഉത്സവകാലങ്ങളിലും പ്രത്യേക പരിപാടികൾക്കിടയിലും താൽക്കാലികമായി മുസ്‍ലിം വ്യാപിരകളടക്കമുള്ളവർ കച്ചവടം നടത്തിവരാറുണ്ട്. ഇതുകൂടി പൂർണമായി വിലക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്.

മുസ്‍ലിം വ്യാപാരികളെ ക്ഷേത്രപരിസരങ്ങളിൽനിന്ന് പൂർണമായി വിലക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹിന്ദു സംഘടനകൾ സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് എവിടെയും ക്ഷേത്രപരിസരങ്ങളിൽ മുസ്‍ലിം വ്യാപാരികൾ കച്ചവടം നടത്തുന്നത് നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാൻ കർണാടക സർക്കാർ തഹസിൽദാർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, പുതിയ നീക്കത്തിനെതിരെ കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിന് സംസ്ഥാനത്ത് ഇടമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. സൗഹൃദത്തിന്റെ രാഷ്ട്രീയത്തിനു മാത്രമേ സംസ്ഥാനത്ത് ഇടമുള്ളൂ. സ്വന്തമായി കച്ചവടം നടത്തുന്നത് ഒരാളുടെ മൗലികാവകാശമാണ്. അത് നിരോധിക്കാനുള്ള നീക്കത്തിലൂടെ വിദ്വേഷരാഷ്ട്രീയമാണ് ബി.ജെ.പി നടപ്പാക്കുന്നതെന്നും സിദ്ധരാമയ്യ വിമർശിച്ചു.

Summary: Call for ban on Muslim traders near Karnataka temples spreads

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News