നാലാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം അവസാനിച്ചു
96 മണ്ഡലങ്ങളിലായി 1717 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. ഒമ്പത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും 96 ലോക്സഭ മണ്ഡലങ്ങളിൽ തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും.
നാലാം ഘട്ടത്തിൽ 96 മണ്ഡലങ്ങളിലായി 1717 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്.
കൂടാതെ ഉത്തർപ്രദേശിൽ 13ഉം മഹാരാഷ്ട്രയിൽ 11ഉം മധ്യപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ എട്ടു മണ്ഡലങ്ങൾ വീതവും ബീഹാറിൽ അഞ്ചും, ജാർഖണ്ഡ് ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ നാലു മണ്ഡലങ്ങളിലും ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. ആന്ധ്രയിൽ നിയമസഭ തെരഞ്ഞെടുപ്പും ഇതിനൊപ്പമാണ്. അവസാന ദിവസവും ഇരുമുന്നണികൾക്കുമായി മുൻനിര നേതാക്കൾ പ്രചാരണത്തിനായി എത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡിഷയിലും ജാർഖണ്ഡിലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആന്ധ്രപ്രദേശിലും റാലികളിൽ പങ്കെടുത്തു. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്,കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, അർജുൻ മുണ്ട,കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി, ക്രിക്കറ്റ് താരം യൂസഫ് പത്താൻ തുടങ്ങിയ പ്രമുഖർ നാലാംഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്.
അതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീതിൽ മല്ലികാർജുൻ ഖാർഗെ മറുപടി നൽകി. ഇൻഡ്യ സഖ്യത്തിലെ നേതാക്കൾക്ക് താൻ അയച്ച കത്തിലെ മറുപടി അത്ഭുതപ്പെടുത്തുന്നു. മോദിയുടെ വിദ്വേഷപ്രസ്താവനങ്ങളിൽ കമ്മീഷൻ തുടരുന്ന മൗനം ദുരൂഹമെന്നും ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടി.