വിശുദ്ധ പോത്തിനെ ചൊല്ലി തർക്കിച്ച് രണ്ട് ഗ്രാമങ്ങൾ; ഡിഎൻഎ പരിശോധനയ്‌ക്കൊരുങ്ങി പൊലീസ്
തർക്കം തീരുന്നത് വരെ പോത്തിനെ പൊലീസ് സ്റ്റേഷനിൽ നിർത്താനാണ് തീരുമാനം
ദേവനഗരി, കർണാടക: രണ്ട് ഗ്രാമങ്ങൾ തമ്മിൽ തർക്കവിഷയമായ വിശുദ്ധ പോത്തിന്റെ ഉടമസ്ഥൻ ആരെന്ന് ഡിഎൻഎ ടെസ്റ്റ് ചെയ്ത് കണ്ടെത്താനൊരുങ്ങി കർണാടക പൊലീസ്. കർണാടക ദേവനഗരിയിലാണ് സംഭവം.
40 കിലോമീറ്റർ അകലെയുള്ള രണ്ട് ഗ്രാമങ്ങളായ കുണിബേല്ലെക്കരെയും കുലഘട്ടെയുമാണ് വിശുദ്ധ പോത്തിനെച്ചൊല്ലി തർക്കത്തിലായത്. എട്ട് വർഷങ്ങൾക്ക് മുമ്പ് കുണിബേലക്കരെയിലെ ഗ്രാമദേവിയായ കരിയമ്മ ദേവിയ്ക്കായി ഗ്രാമീണർ ഒരു പോത്തിനെ സമർപ്പിച്ചിരുന്നു. പോത്തിനെ ഗ്രാമീണർ ആരാധിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് കുണിബേലെപുരെക്ക് തൊട്ടടുത്ത ഗ്രാമമായ ബേലെപുരെയിൽ ഒരു പോത്തിനെ കണ്ടെത്തി. നാൽപത് കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ ഒരു പോത്തിനെ കണ്ടെത്തിയ വാർത്ത അറിഞ്ഞ കുലഘട്ടെ ഗ്രാമക്കാർ ബേലെപുരെയിൽ എത്തുകയും ഇത് രണ്ട് മാസം മുൻപ് കാണാതായ തങ്ങളുടെ പോത്താണെന്ന് പറഞ്ഞ് അതിനെ കൊണ്ടുപോവുകയുമായിരുന്നു.
എന്നാൽ കുലഘട്ടെക്കാർ കൊണ്ടുപോയ പോത്ത് തങ്ങളുടെ വിശുദ്ധ പോത്തിന്റെ സന്തതി പരമ്പരയാണെന്ന് പറഞ്ഞ് കുണിബേലെക്കാർ രംഗത്തുവന്നതോടെയാണ് വിഷയം പൊലീസിലെത്തുന്നത്. രണ്ട് ഗ്രാമക്കാരും പോത്തിന്റെ മേൽ അവകാശവാദമുന്നയിച്ചതോടെ പൊലീസിന് തലവേദനയായി. തർക്കവിഷയമായ പോത്തിനെ പൊലീസ് ഉടൻ സ്റ്റേഷനിലെത്തിച്ചു.
പോത്തിന്റെ വയസിനെക്കുറിച്ചും രണ്ട് ഗ്രാമങ്ങളും തമ്മിൽ വാദപ്രതിവാദങ്ങളുണ്ടായി. കുണിബേലെക്കാർ പോത്തിന് എട്ട് വയസിന് മുകളിൽ പ്രായമുണ്ടെന്ന് പറഞ്ഞു, എന്നാൽ കുലഘട്ടെക്കാർ പോത്തിന് മൂന്ന് വയസുണ്ടെന്നും പറഞ്ഞു. ഇതോടെ വയസ് തെളിയിക്കാനായി പൊലീസ് മൃഗഡോക്ടർമാരുടെ സഹായം തേടി. പരിശോധനയിൽ പോത്തിന് പ്രായം ആറ് വയസിന് മുകളിലുണ്ടെന്ന് കണ്ടെത്തി, എന്നാൽ ഈ പരിശോധന തങ്ങൾ വിശ്വസിക്കില്ല പോത്തിന് പ്രായം കുറവാണ്, ഇത് തങ്ങളുടെ പോത്ത് തന്നെയാണ് എന്നായി കുലഘട്ടക്കാരുടെ വാദം.
ഇതിനിടെ കുലഘട്ടെ ഗ്രാമത്തിലെ ഏഴ് പേർക്കെതിരെ കുണിബേരെ ഗ്രാമത്തിലെ ആളുകൾ മോഷണക്കേസ് നൽകി. ഇതിന് പിന്നാലെ പോത്തിന്റെ അവകാശികൾ ആരെന്നറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്താനും ഇവർ ആവശ്യപ്പെട്ടു. രണ്ട് ഗ്രാമങ്ങളുടെ ചെറിയ കേസ് നിലവിൽ എസ്പി നേരിട്ട് ഇടപെട്ട് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഡിഎൻഎ പരിശോധനയ്ക്കായി പോത്തിന്റെ സാമ്പിൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഫലം വരുന്നതോടെ കുണിബേലെക്കാരുടെയും കുലഘട്ടെക്കാരുടെയും പ്രശ്‌നം ഒത്തുതീർപ്പാക്കാമെന്നാണ് പൊലീസിന്റെ നിഗമനം.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇതേ പ്രദേശത്ത് മറ്റൊരു പോത്തിൻ്റെ ഉടമസ്ഥാവകാശം ഡിഎൻഎ പരിശോധനയിലൂടെ തെളിയിച്ചിരുന്നു, ഇതാണ് ഗ്രാമീണരെ പോത്തിൻ്റെ ഡിഎൻഎ പരിശോധിക്കാൻ പൊലീസിനോട് ആവശ്യപ്പെടാൻ പ്രേരിപ്പിച്ചത്.