മന്ത്രിമാരുടെ കൂട്ടരാജി; ഒബിസി വോട്ടിൽ ചോർച്ചയുണ്ടാക്കും- യുപിയിൽ ബിജെപിക്ക് ആധി
രാജികള്‍ പൂര്‍വ്വാഞ്ചലില്‍ ബിജെപിയുടെ സാധ്യതകളെ തകിടം മറിക്കും
സ്വാമി പ്രസാദ് മൗര്യയ്ക്ക് പിന്നാലെ ദാരാ സിങ് ചൗഹാൻ കൂടി യോഗി മന്ത്രിസഭയിൽനിന്നു രാജി വച്ചതോടെ യുപി ബിജെപിയിലെ പ്രതിസന്ധി രൂക്ഷമാകുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തരമായി ഡൽഹിക്ക് വിളിപ്പിട്ടും വഴങ്ങാതെയാണ് ചൗഹാൻ രാജി വച്ചത്. മന്ത്രിമാർക്ക് പുറമേ, നാല് എംഎൽഎമാർ കൂടി പാർട്ടി വിട്ടിട്ടുണ്ട്. 24 മണിക്കൂറിനകമാണ് ആറു മുതിർന്ന നേതാക്കൾ പാർട്ടി ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തത്. ബിജെപിയിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ കൊഴിഞ്ഞു പോക്കാണ് യുപിയിലേത്.
പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട നേതാക്കളാണ് ഇപ്പോൾ രാജി സമർപ്പിച്ചവരിൽ മിക്കവരും. തെരഞ്ഞെടുപ്പിൽ ഒബിസി വോട്ടുകൾ എങ്ങോട്ടു പോകുമെന്ന സൂചന കൂടിയാണ് രാജികൾ. ഒബിസി വിഭാഗങ്ങൾക്ക് സർക്കാറിൽ നിന്ന് നീതി കിട്ടിയില്ല എന്നാണ് പുറത്തു പോകുന്നവരുടെ പ്രധാന ആരോപണം.
തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിക്കപ്പെടുന്ന എംഎൽഎമാർ ഇനിയും പാർട്ടി വിടുമെന്നാണ് സൂചന. ഭരണവിരുദ്ധ വികാരം മറികടക്കാൻ 25-35 ശതമാനം എംഎൽഎമാർക്കും ബിജെപി ടിക്കറ്റ് നൽകില്ലെന്നാണ് കരുതപ്പെടുന്നത്. മികച്ച പ്രകടനം നടത്താത്ത സിറ്റിങ് എംഎൽഎമാർക്ക് ഇതോടെ സീറ്റു നഷ്ടപ്പെട്ടേക്കും. എംഎൽഎമാർക്കെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് ജൻകി ബാത് അഭിപ്രായ സർവേ വ്യക്തമാക്കിയിരുന്നു.
മൗര്യ (ഖുഷ്‌വാഹ) സമുദായത്തിൽനിന്നുള്ള മുതിർന്ന നേതാവാണ് സ്വാമി പ്രസാദ് മൗര്യ. ഈ സമുദായത്തെ കൂടെ നിർത്താനാണ് മൗര്യയ്ക്ക് കാബിനറ്റിൽ ഇടം നൽകിയിരുന്നത്. മറ്റൊരംഗം കേശവ് പ്രസാദ് മൗര്യ സംസ്ഥാന ഉപമുഖ്യമന്ത്രിയാണ്.
മൗര്യ സമുദായത്തിൽ നിന്നുള്ള പാർട്ടിയായ മഹാൻ ദളുമായി അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടി സഖ്യമുണ്ടാക്കിയിട്ടുണ്ട്. കിഴക്കൻ ഉത്തർപ്രദേശിൽ (പൂർവ്വാഞ്ചൽ) ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ മൗര്യയിലൂടെ എസ്പിക്ക് ആകുമെന്ന് കരുതപ്പെടുന്നു. സംസ്ഥാന ജനസംഖ്യയിൽ ആറു ശതമാനത്തോളമാണ് മൗര്യ സമുദായം.
ലോധ്, കുർമി, മൗര്യ, നിഷാദ്, പട്ടേൽ, പ്രജാപതി സമുദായങ്ങൾ ഉൾക്കൊള്ളുന്നതാണ് ബിജെപിയുടെ വോട്ടുബാങ്ക്. ഇവരിൽ എഴുപതിലേറെ ഉപജാതികളുണ്ട്. സംസ്ഥാന ജനസംഖ്യയുടെ 30 ശതമാനം വരുമിത്. ഹിന്ദുത്വ ബാനറിന് കീഴിൽ യാദവ വിരുദ്ധ സഖ്യമായാണ് ബിജെപി ഈ ചെറുസംഘങ്ങളെ പരിചയപ്പെടുത്തുന്നത്. ഈ ജാതികളിൽ നിന്നുള്ള അംഗങ്ങൾക്കെല്ലാം മന്ത്രിസഭാ പുനഃസംഘടനയിൽ ബിജെപി ഇടം നൽകിയിരുന്നു.
പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട നുനിയ സമുദായത്തിൽ നിന്നുള്ള അംഗമാണ് ദാരാ സിങ് ചൗഹാൻ. കിഴക്കൻ യുപിയിലെ പ്രബല സമുദായമാണിത്. സമുദായത്തില്‍ മായാവതിയുടെ ബിഎസ്പിക്ക് വേരുകളുണ്ട്.
28 ജില്ലകളിൽ പടർന്നു കിടക്കുന്ന പൂർവ്വാഞ്ചലിൽ 164 നിയമസഭാ സീറ്റുകളാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയും യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരും ഇവിടെയാണ്. 2017ലെ തെരഞ്ഞെടുപ്പിൽ 164ൽ 115 സീറ്റിലും വിജയിച്ചത് ബിജെപിയായിരുന്നു. 17 സീറ്റു മാത്രമാണ് മുഖ്യപ്രതിപക്ഷമായ എസ്.പിക്ക് കിട്ടിയത്. ബിഎസ്പിക്ക് 15 ഉം കോൺഗ്രസിന് രണ്ടും സീറ്റു കിട്ടി. 15 സീറ്റിൽ സ്വതന്ത്രർ വിജയിച്ചു.
എസ്പിയുടെ ശക്തികേന്ദ്രമായ അസംഗഢും ബിഎസ്പി കേന്ദ്രമായ അംബേദ്കർ നഗറും പൂർവ്വാഞ്ചലിലാണ്. 2017ൽ വാരാണസിയിലെ ഏഴു സീറ്റും ജയിച്ചത് ബിജെപിയാണ്. 2012ൽ എസ്.പി 80 സീറ്റു നേടിയ മേഖല കൂടിയാണിത്.