തല പോയാലും ആർ.എസ്.എസ് ഓഫീസിൽ പോകില്ല; വരുണിന്റെ ആശയം അംഗീകരിക്കാനാവില്ല; രാഹുൽ ​ഗാന്ധി

'എന്റെ കുടുംബത്തിന് ഒരു പ്രത്യയശാസ്ത്രമുണ്ട്. എന്നാൽ വരുൺ മറ്റൊന്ന് സ്വീകരിച്ചു. എനിക്ക് ആ പ്രത്യയശാസ്ത്രം അംഗീകരിക്കാൻ സാധിക്കില്ല'- അദ്ദേഹം പറഞ്ഞു.

Update: 2023-01-17 13:29 GMT
Advertising

ചണ്ഡീ​ഗഢ്: ആർ.എസ്.എസിനെതിരെ ശക്തമായ നിലപാട് ആവർത്തിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. തല പോയാലും ആർ.എസ്.എസ്  ഓഫീസിലേക്ക് പോകില്ലെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘവുമായി ഒരു തരത്തിലുമുള്ള കൂടിക്കാഴ്ചയ്ക്കും തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി എം.പിയും പിതൃസഹോദര പുത്രനുമായ വരുൺ ​ഗാന്ധി കോൺ​ഗ്രസിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വരുൺ ​ഗാന്ധിയുടെ ആശയവുമായി തനിക്ക് ഒത്തുപോകാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബിൽ ഭാരത് ജോഡോ യാത്ര തുടരുന്നതിനിടെ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്.

ആർ.എസ്.എസ് പ്രത്യയശാസ്ത്രം വരുൺ അംഗീകരിച്ചിട്ടുണ്ടെന്നും അതൊരിക്കലും തനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും രാഹുൽ പറഞ്ഞു. വരുൺ ഒരു ഘട്ടത്തിൽ, ഒരുപക്ഷേ ഇന്നും ആ പ്രത്യയശാസ്ത്രം അംഗീകരിക്കുകയും അത് തന്റേതാക്കി മാറ്റുകയും ചെയ്തു. എനിക്ക് അത് അംഗീകരിക്കാൻ കഴിയില്ല- വയനാട് എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

"വരുൺ ഗാന്ധി ബി.ജെ.പി.യിലാണ്. എന്റെ പ്രത്യയശാസ്ത്രം അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടുന്നില്ല. തല വെട്ടിയാലും ഞാൻ ഞാൻ ആർ.എസ്.എസ് ഓഫീസിൽ പോകില്ല. എന്റെ കുടുംബത്തിന് ഒരു പ്രത്യയശാസ്ത്രമുണ്ട്. എന്നാൽ വരുൺ മറ്റൊന്ന് സ്വീകരിച്ചു. എനിക്ക് ആ പ്രത്യയശാസ്ത്രം അംഗീകരിക്കാൻ സാധിക്കില്ല''- അദ്ദേഹം വിശദമാക്കി.

'എനിക്ക് വരുണിനെ കാണാനും കെട്ടിപ്പിടിക്കാനും സാധിക്കും. എന്നാൽ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തോട് പൊരുത്തപ്പെടാനാവില്ല'- രാഹുൽ പറഞ്ഞു. വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം അവസാനിപ്പിക്കാനാണ് കോൺ​ഗ്രസ് ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങൾ കാരണം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News