കോണ്‍ഗ്രസില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല; സുപ്രിയ ശ്രീനേതിന്‍റെ പരാമര്‍ശത്തിനെതിരെ കങ്കണ

മാണ്ഡിയില്‍ ബി.ജെ.പി കങ്കണയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്

Update: 2024-03-30 04:55 GMT
Editor : Jaisy Thomas | By : Web Desk

സുപ്രിയ ശ്രീനേത്/കങ്കണ

Advertising

മാണ്ഡി: തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേതിരെ നടിയും ഹിമാചല്‍ പ്രദേശ് മാണ്ഡിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ കങ്കണ റണാവത്ത്. കോണ്‍ഗ്രസില്‍ നിന്നും ഇതില്‍ കൂടുതല്‍ നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് താരം മാണ്ഡിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

മാണ്ഡിയില്‍ ബി.ജെ.പി കങ്കണയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റ് വിവാദമായതോടെ വിശദീകരണവുമായി സുപ്രിയ രംഗത്തെത്തിയിരുന്നു. തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഒരു സ്ത്രീക്കെതിരായ മോശം പോസ്റ്റ് അതില്‍ നിന്നും പോസ്റ്റ് ചെയ്യപ്പെട്ടെന്നും എന്നാലത് നീക്കം ചെയ്തതായും സുപ്രിയ എക്സില്‍ കുറിച്ചിരുന്നു. കങ്കണയും ഇതിനോട് പ്രതികരിച്ചിരുന്നു. എല്ലാ സ്ത്രീകളും സമൂഹത്തില്‍ അന്തസ്സ് അര്‍ഹിക്കുന്നുണ്ടെന്ന് പറഞ്ഞ കങ്കണ നമ്മുടെ പെണ്‍കുട്ടികളെ മുന്‍വിധികളില്‍ നിന്ന് സ്വതന്ത്രമാക്കണമെന്നും അവയവങ്ങളെക്കുറിച്ച് ജിഞ്ജാസപ്പെടുക എന്നതിനപ്പുറത്തേക്ക് ചിന്തിക്കാന്‍ പഠിപ്പിക്കണമെന്നുമായിരുന്നു നടിയുടെ പ്രതികരണം.

മാണ്ഡി പുണ്യഭൂമിയാണെന്നും കോൺഗ്രസ് നേതാക്കൾ തൻ്റെ നാമനിർദേശത്തിൽ തൃപ്തരല്ലെന്നാണ് കാണിക്കുന്ന അഭിപ്രായമെന്നും കങ്കണ പറഞ്ഞു. തനിക്കെതിരെ കോൺഗ്രസ് ദുഷിച്ച രാഷ്ട്രീയം അഴിച്ചുവിട്ടെന്നും അവർ ആരോപിച്ചു.കോൺഗ്രസ് വക്താവിൻ്റെ അപകീർത്തികരമായ പ്രസ്താവ ആരെയും അസ്വസ്ഥമാക്കുമെന്നും നടി കൂട്ടിച്ചേര്‍ത്തു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും ബി.ജെ.പി മാണ്ഡി സ്ഥാനാർഥി ആഞ്ഞടിക്കുകയും രാഹുൽ തൻ്റെ 'ശക്തി' പരാമർശത്തിലൂടെ ഹിന്ദുക്കളെ അപമാനിക്കുകയും ചെയ്തുവെന്നും ചൂണ്ടിക്കാട്ടി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News