കുഞ്ഞോ കരിയറോ? ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാൻ അമ്മയോട് ആവശ്യപ്പെടരുതെന്ന് ബോംബെ ഹൈക്കോടതി
'ഒരു അമ്മയുടെ തൊഴിൽ സാധ്യതകൾ നിരസിക്കാൻ കോടതിക്ക് കഴിയില്ല'
മുംബൈ: കരിയറിനും കുട്ടികൾക്കും ഇടയിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാൻ അമ്മയോട് നിർബന്ധിക്കരുതെന്ന് ബോംബെ ഹൈക്കോടതി. മകളുമായി പോളണ്ടിലേക്ക് മാറിത്താമസിക്കാനുള്ള അനുമതി നിഷേധിച്ച കുടുംബകോടതിയുടെ വിധി റദ്ദാക്കിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിൾ ബെഞ്ചനാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
എൻജിനീയറായ സ്ത്രീ 2015 മുതൽ ഭർത്താവുമായി വേർപിരിഞ്ഞ് ഒമ്പതുവയസുള്ള മകളുമായാണ് താമസിക്കുന്നത്. പൂനെയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്ത്രീക്ക് കമ്പനി പോളണ്ടിലേക്ക് പ്രൊമോഷൻ നൽകി. കുട്ടിയെ പോളണ്ടിലേക്ക് കൊണ്ടുപോകുന്നതിനെതിരെ ഭർത്താവാണ് കുടുംബകോടതിയെ സമീപിച്ചത്.
മകളെ തന്നിൽ നിന്നും അകറ്റാനാണ് ഭാര്യ ശ്രമിക്കുന്നതെന്ന് ഭർത്താവ് കുടുംബ കോടതിയിൽ വാദിച്ചു. പോളണ്ടിന് സമീപം നടക്കുന്ന റഷ്യ- യുക്രൈൻ യുദ്ധം പോലും കുഞ്ഞിന്റെ സുരക്ഷയെ ബാധിക്കുമെന്ന് ആരോപിച്ചു ഭർത്താവിന്റെ അഭിഭാഷകർ വാദിച്ചു.കുടുംബകോടതി ഭർത്താവിന് അനുകൂലമായി വിധി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം, പിതാവിനെ കാണാൻ കുഞ്ഞിനെ തടയരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. അവധിക്കാലത്ത് മകളോടൊപ്പം ഇന്ത്യയിലേക്ക് വരണമെന്നും യുവതിക്ക് നിർദേശം നൽകിയിട്ടുണ്ട്.
മികച്ച തൊഴിൽ സാധ്യതകളുള്ളതിനാൽ രണ്ട് വർഷം അവിടെ താമസിക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സംരക്ഷണം സ്വാഭാവിക രക്ഷിതാവായ അമ്മയുടെ പക്കലാണ്. അവളുടെ പ്രായം കണക്കിലെടുത്ത് പെൺകുട്ടിക്ക് ഇപ്പോൾ അമ്മയുടെ സാമിപ്യമാണ് ആവശ്യമെന്നും കോടതി നിരീക്ഷിച്ചു. ഇത്രയും കാലം ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് യുവതി ഒറ്റയ്ക്കാണ് കുട്ടിയെ വളർത്തിയത്. കോടതിക്ക് ഒരു അമ്മയ്ക്ക് തൊഴിൽ സാധ്യതകൾ നിരസിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ലെന്നും ഈ അവസരം നഷ്ടപ്പെടുത്താൻ കഴിയില്ലെന്നും ജസ്റ്റിസ് ഭാരതി ദാംഗ്രെ പറഞ്ഞു. കുട്ടിയോട് രണ്ട് മാതാപിതാക്കൾക്കും ഉള്ള അഗാധമായ സ്‌നേഹം കണക്കിലെടുക്കുമ്പോൾ ഈ വിഷയം വളരെ സെൻസിറ്റീവ് ആണെന്ന് അവർ കൂട്ടിച്ചേർത്തു.