അമരീന്ദർ സിങ്-അമിത് ഷാ കൂടിക്കാഴ്ച ഇന്ന് വൈകിട്ട്?
സെപ്തംബർ 18നാണ് ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം അമരീന്ദർ പഞ്ചാബ് മുഖ്യമന്ത്രി പദം രാജിവച്ചത്
ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അമരീന്ദർ സിങ് ഇന്ന് ഉച്ചയ്ക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്.
സെപ്തംബർ 18നാണ് ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം അമരീന്ദർ മുഖ്യമന്ത്രി പദം രാജിവച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് നാലു മാസം മാത്രം ശേഷിക്കെയാണ് ഭരണതലത്തില്‍ കോണ്‍ഗ്രസ് വന്‍ അഴിച്ചുപണി നടത്തുന്നത്. തനിക്ക് പകരം മുഖ്യമന്ത്രിയായി ചുമതലയേറ്റ ചരൺജിത് സിങ് ഛന്നിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ അമരീന്ദർ പങ്കെടുത്തിരുന്നില്ല.
അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎൽഎമാരാണ് ഹൈക്കമാൻഡിനെ സമീപിച്ചിരുന്നത്. ഇതിൽ നാല് മന്ത്രിമാരും ഉണ്ടായിരുന്നു. പഞ്ചാബ് പി സി സി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു വന്നതോടെയാണ് അമരീന്ദറിനെതിരേയുള്ള നീക്കം ശക്തിപ്പെട്ടത്.
മുഖ്യമന്ത്രി പദം രാജിവച്ചതിന് പിന്നാലെ അമരീന്ദർ നേതൃത്വത്തിനെതിരെ സംസാരിച്ചിരുന്നു. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അനുഭവ സമ്പത്തില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഉപദേശകർ ഇരുവരെയും വഴി തെറ്റിക്കുകയാണ് എന്നും ആരോപിച്ചിരുന്നു. 'പ്രിയങ്കയും രാഹുലും എനിക്ക് മക്കളെപ്പോലെയാണ്. ഇത് ഇങ്ങനെ അല്ല അവസാനിക്കേണ്ടിയിരുന്നത്. ഞാൻ ദുഃഖിതനാണ്'- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.