ആൾ​ക്കൂട്ട കൊലപാതകത്തെക്കുറിച്ച് പോസ്റ്റിട്ടു; ​മാധ്യമപ്രവർത്തകരടക്കം അഞ്ചുപേർക്കെതിരെ കേസെടുത്ത് യു.പി പൊലീസ്

കഴിഞ്ഞദിവസം ഷാംലി ജില്ലയി​ൽ മുസ്‍ലിം യുവാവ് മർദനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു

Update: 2024-07-07 16:04 GMT

സാക്കിർ അലി ത്യാഗി

Advertising

ലഖ്നൗ: ആൾക്കൂട്ട കൊലപാതകത്തെക്കുറിച്ച് സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടതിന് രണ്ട് മാധ്യമ​പ്രവർത്തകരടക്കം അഞ്ചുപേർക്കെതിരെ കേസെടുത്ത് ഉത്തർ പ്രദേശ് പൊലീസ്. കഴിഞ്ഞദിവസം ഷാംലി ജില്ലയി​ൽ മുസ്‍ലിം യുവാവ് മർദനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് സാമൂഹിക മധ്യമത്തിൽ എഴുതിയതിനാണ് മാധ്യമപ്രവർത്തകരായ സാക്കിർ അലി ത്യാഗി, വസീം അക്രം ത്യാഗി എന്നിവർക്കെതിരെയും ആസിഫ് റാണ, സൈഫ് അലഹ്ബാദി, അഹമ്മദ് റാസ ഖാൻ എന്നിവർക്കെതിരെയും കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) സെക്ഷൻ 196 പ്രകാരം വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത പരത്തുക, സെക്ഷൻ 353 പ്രകാരം പൊതുദ്രോഹത്തിന് കാരണമാകുന്ന പ്രസ്താവനകൾ നടത്തുക എന്നീ കാരണങ്ങളാണ് അഞ്ചുപേർക്കെതിരെയും ചുമത്തിയിരിക്കുന്നത്.

ഷാംലി ജില്ലയിലെ ജലാലാബാദ് നഗരത്തിൽ ഫിറോസ് എന്ന കല ഖുറേഷി ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടതായി വെള്ളിയാഴ്ച സാക്കിർ അലി ത്യാഗി സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഖുറേഷിയെ മർദിച്ചവരുടെ പേരുവിവരങ്ങളും അദ്ദേഹം പങ്കുവെച്ചു. ഖുറേഷിയുടെ കുടുംബം നൽകിയ പരാതിയുടെ ഫോട്ടോ​യും ഇതോടൊപ്പമുണ്ടായിരുന്നു. ഒരു സംഘം ആളുകൾ മർദിച്ചതാണ് മരണത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നുണ്ട്.

ആര്യനഗർ മേഖലയിൽ ഖുറേഷി ജോലിയാവശ്യാർഥം പോയതാണെന്നാണ് കുടുംബം പറയുന്നത്. മർദനത്തിനിരയായ ഇയാളെ ചിലർ ചേർന്ന് രക്ഷിച്ച് വീട്ടിലെത്തിച്ചെങ്കിലും രാത്രി 11ഓടെ മരിച്ചെന്നും കുടുംബം പറയുന്നു. എന്നാൽ, ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 105 പ്രകാരം അജ്ഞാതർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റമാണ് എഫ്.ഐ.ആറിൽ ചേർത്തിട്ടുള്ളത്.

സംഭവത്തിൽ പ്രതികരിച്ച അഞ്ചുപേർക്കെതിരെ താന ഭവൻ പൊലീസ് കേസെടുത്തതായി ഷാംലി എസ്.പി അഭിഷേക് ‘സ്​ക്രോളി’നോട് ​പറഞ്ഞു. ‘ഖുറേഷിയുടെ കേസ് ആൾക്കൂട്ട കൊലപാതകമല്ല. വീട്ടിൽ കയറിയ യുവാവിനെ ഏതാനും പേർ ചേർന്ന് മർദിക്കുകയായിരുന്നു. പക്ഷെ, അദ്ദേഹം സ്വന്തം വീട്ടിൽവെച്ചാണ് മരിച്ചത്. ഞങ്ങൾ പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തു’-എസ്.പി അഭിഷേക് പറഞ്ഞു.

ആൾക്കൂട്ട ആക്രമണത്തിൽ ഖുറേഷി മരിച്ചെന്ന് സാമൂഹിക മാധ്യമത്തിൽ ആരോപിച്ചതിനെതിരെ ഒരാൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുപേർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഖുറേഷി തങ്ങളുടെ വീട്ടിൽ കയറിയെന്ന് സംശയിച്ച് പ്രത്യേക സമുദായത്തിൽപെട്ടവർ മാരകമായി മർദിക്കുകയായിരുന്നുവെന്ന് പോസ്റ്റിൽ പറയുന്നതായി പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ഈ പോസ്റ്റുകൾ ഒരു പ്രത്യേക വിഭാഗത്തിനിടയിൽ വെറുപ്പും രോഷവും ഉണ്ടാക്കിയെന്നും പരാതിയിലുണ്ട്.

ഖുറേഷിയുടേത് ആൾക്കൂട്ട കൊലപാതകമല്ലെന്ന് ഷാംലി പൊലീസും പറയുന്നു. സാക്കിർ അലിയും മറ്റുള്ളവരും ഈ ആരോപണം ഉന്നയിച്ചത് വർഗീയ വിദ്വേഷം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണെന്നും പൊലീസ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു.

കേന്ദ്രത്തിൽ പുതിയ സർക്കാർ വന്നതോടെ ദിവസവും മുസ്‍ലിംകൾ ആൾക്കൂട്ട കൊലപാതകത്തിനിരയാവുകയാണെന്ന് സാക്കിർ അലി ത്യാഗി ‘സ്ക്രോളി’നോട് പ്രതികരിച്ചു. കേസെടുത്ത് തന്നെയും ഭീഷണിപ്പെടുത്തുകയാണ്. മുസ്‍ലിംകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ സംസാരിക്കുന്ന മാധ്യമപ്രവർത്തകരെയും പൗരൻമാരെയും നിശ്ശബ്ദരാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സാക്കിർ അലി കൂട്ടിച്ചേർത്തു.

നേരത്തെയും സാക്കിറിനെതിരെ വിവിധ കേസുകൾ യു.പി പൊലീസ് ചുമത്തിയിട്ടുണ്ട്. 2017ൽ രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരിൽ ഇദ്ദേഹത്തെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. അതിലൊന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ യോഗി ആദിഥ്യനാഥിന്റെ ക്രിമിനൽ റെക്കോർഡ് സംബന്ധിച്ച തമാശ പങ്കു​വെച്ച പോസ്റ്റായിരുന്നു. അന്ന് 42 ദിവസം ജയിലിൽ കഴിയേണ്ടി വന്നിരുന്നു.

2020 ആഗസ്റ്റിൽ ഗോവധം ആരോപിച്ചും സാക്കിറിനെ പൊലീസ് അറസ്റ്റ് ചെയ്തു. യു.പിയിൽ പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഗോവധം. എന്നാൽ, കുറ്റം സാക്കിർ നിഷേധിച്ചിരുന്നു.

‘മാധ്യമപ്രവർത്തകനായതിനും ശബ്ദമില്ലാത്തവരുടെ ശബ്ദം ഉയർത്തിയതിനും തന്നെ ആക്രമിക്കുകയും ജയിലിലടക്കുകയും ചെയ്തു. തങ്ങൾ ഈ ഭീഷണി​യെ ഭയക്കുകയോ ആ​രുടെയും മുന്നിൽ തലകുനിക്കുകയോ ചെയ്യില്ല. പക്ഷെ, അടിച്ചമർത്തലിനെതിരെ എഴുതുന്നത് തുടരും’ -സാക്കിർ അലി വ്യക്തമാക്കി.

അതേസമയം, ആൾക്കൂട്ട കൊലപാതകം സംബന്ധിച്ച് പോസ്റ്റിട്ട അഞ്ചുപേർക്കെതിരെ കേസെടുത്തതിനെ വിമർ​ശിച്ച് അസദുദ്ദീൻ ഉവൈസി എം.പി രംഗത്തുവന്നു. ‘ഇതുകൊണ്ടാണ് പുതിയ ക്രിമിനൽ നിയമങ്ങളെ ഞാൻ ലോക്സഭയിൽ എതിർത്തത്. സത്യം പറയുന്നവർക്കെതിരെ ‘ദുരുപയോഗം’ ചെയ്യാനാണ് അവ ഉദ്ദേശിക്കുന്നത്’ -ഉവൈസി എക്സിൽ കുറിച്ചു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News