ആർഎസ്എസ് തലവൻ മോഹൻ ഭാഗവതുമൊത്ത് ഉവൈസിയുടെ മോർഫ് ചെയ്ത ഫോട്ടോ; രണ്ടു പേർക്കേതിരെ കേസ്

മോഹൻ ഭാഗവത് സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവുമൊത്ത് ഒരു വിവാഹ ചടങ്ങിൽ ഇരിക്കുന്ന ചിത്രത്തിലാണ് മോർഫിങ് നടത്തിയത്

Update: 2022-01-18 12:02 GMT
Advertising

ആർഎസ്എസ് തലവൻ മോഹൻ ഭാഗവതുമൊത്തിരിക്കുന്നതായി ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസിയുടെ മോർഫ് ചെയ്ത ചിത്രം നിർമിച്ചതിനും പ്രചരിപ്പിച്ചതിനും രണ്ടു പേർക്കേതിരെ കേസ്. മോഹൻ ഭാഗവത് സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവുമൊത്ത് ഒരു വിവാഹ ചടങ്ങിൽ ഇരിക്കുന്ന ചിത്രത്തിലാണ് മോർഫിങ് നടത്തിയത്. ഭാഗവതിനൊത്ത് സോഫയിലിരിക്കുന്ന മുലായത്തിന് പകരം ഉവൈസിയുടെ ചിത്രം ചേർക്കുകയായിരുന്നു. ഈ ചിത്രം വൈറലായതിനെ തുടർന്ന് എഐഎംഐഎം നേതാവ് ഷേഖ് മുഈനുദ്ദീൻ അബ്‌റാർ ഹൈദരാബാദ് സൈബർ ക്രൈം പൊലിസിൽ പരാതി നൽകിയിരുന്നു. ആർഎസ്എസ് ആശയത്തിനെതിരെ നിലകൊള്ളുന്ന പാർട്ടി പ്രവർത്തകരുടെ വികാരം വൃണപ്പെടുത്തുന്നതാണ് മോർഫിങ്ങെന്ന് പരാതിയിൽ പറഞ്ഞിരുന്നു. 

മോഹൻ ഭാഗവതിനൊപ്പമുള്ള സമാജ്‌വാദി പാർട്ടി മുതിർന്ന നേതാവ് മുലായം സിങിന്റെ ഇതേ ഫോട്ടോ നേരത്തെ വിവാദമായിരുന്നു. ഉത്തർപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പിൽ ബിജെപിയുമായി കടുത്ത പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന എസ്പിയുടെ തലവൻ രാഷ്ട്രീയ സ്വയം സേവക് സംഘ് മേധാവിക്കൊപ്പം ഇരിന്നതാണ് വിവാദത്തിന് കാരണം. കേന്ദ്രമന്ത്രി അർജുൻ രാം മേഗ്വാൾ മോഹൻ ഭാഗവതിന്റെ അനുഗ്രഹം വാങ്ങുന്നതും മുലായം നോക്കിയിരിക്കുന്നതും ചിത്രത്തിൽ കാണാമായിരുന്നു.

കേന്ദ്രമന്ത്രി അർജുൻ രാം മേഗ്വാൾ ട്വീറ്റ് ചെയ്ത ഫോട്ടോ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പൗത്രിയുടെ വിവാഹചടങ്ങിൽനിന്നുള്ളതാണ്. ബിജെപിയും കോൺഗ്രസും ഫോട്ടോ ആയുധമാക്കിയിരുന്നു. ന്യൂ എസ്പിയിലെ 'എസ്' 'സംഘ്വാദി'യുടേതാണോയെന്നാണ് കോൺഗ്രസ് പരിഹസിച്ചത്. എന്നാൽ കോൺഗ്രസ് സഖ്യകക്ഷിയായ എൻസിപി നേതാക്കൾ വന്ന് അതേവേദിയിൽ യാദവിന്റെ അനുഗ്രഹം വാങ്ങിയിട്ടുണ്ടെന്നും കോൺഗ്രസ് രാഷ്ട്രീയ മര്യാദകൾ മറന്നുവെന്നും എസ്പി വിമർശിച്ചിരുന്നു.

ചിത്രം ഒരുപാട് സംസാരിക്കുന്നുവെന്ന തലക്കെട്ടോടെ ബിജെപി ഉത്തർപ്രദേശ് ഘടകം ഈ ഫോട്ടോ പങ്കുവെച്ചിരുന്നു. ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പടുത്തിരിക്കെ എസ്പി ആർഎസ്എസ്സിനെതിരെയും ബിജെപിക്കെതിരെയും കടുത്ത വിമർശനമാണ് നടത്തുന്നത്. എസ്പി തലവൻ അഖിലേഷ് യാദവ് വൻറാലികൾ നടത്തി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

A case has been registered against two persons for allegedly making and disseminating a morphed image of All India Majlis-e-Ittihadul Muslimeen chief and Hyderabad MP Azaduddin Owaisi with RSS chief Mohan Bhagwat.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News