1992ലെ രാമക്ഷേത്ര പ്രക്ഷോഭ അതിക്രമം; 30 വർഷത്തിന് ശേഷം നിരവധി ഹിന്ദുത്വ പ്രവർത്തകർക്കെതിരെ കർണാടകയിൽ കേസ്, അറസ്റ്റ്
1992നും 1996നും ഇടയിൽ നടന്ന വർഗീയ സംഘർഷങ്ങളിൽ പ്രതികളായ 300 പേരുടെ പട്ടിക ഹുബ്ബള്ളി പൊലീസ് തയ്യാറാക്കിയിട്ടുണ്ട്.
ബെംഗളൂരു: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത കാലത്ത് അരങ്ങേറിയ രാമക്ഷേത്ര പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിവിധ അതിക്രമക്കേസുകളിൽ മൂന്ന് പതിറ്റാണ്ടിന് ശേഷം നടപടിയുമായി കർണാടക സർക്കാർ. നിരവധി ഹിന്ദുത്വ പ്രവർത്തകർക്കെതിരെ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അക്കാലത്ത് നിയമ നടപടികളിൽ നിന്ന് രക്ഷപെട്ടവരാണ് ഇവരിൽ പലരും.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനം അടുത്തിരിക്കെയാണ്, പള്ളി തകർക്കുന്നതിന് തൊട്ടുമുമ്പ് നടന്ന രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭത്തിനിടെ സ്വത്ത് നശിപ്പിക്കുകയും കടകളും മറ്റും ആക്രമിക്കുകയും ചെയ്തതടക്കമുള്ള കേസുകളിൽ ഏർപ്പെട്ട ഹിന്ദുത്വ പ്രവർത്തകർക്കെതിരെ 30 വർഷത്തിനു ശേഷം കർണാടക പൊലീസ് കേസെടുത്തത്. നിരവധി കേസുകൾ അന്വേഷണത്തിനായി വീണ്ടും ഏറ്റെടുത്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
അക്രമത്തിലും വർഗീയ സംഘർഷത്തിലും കലാശിച്ച 1992ലെ രാമക്ഷേത്ര പ്രക്ഷോഭത്തിനിടെ വിവിധ കേസുകളിൽ ഉൾപ്പെട്ട പ്രതികളുടെ പട്ടിക പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് തയാറാക്കിയിട്ടുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ഇവരിൽപ്പെട്ട ശ്രീകാന്ത് പൂജാരി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
1992 ഡിസംബർ അഞ്ചിന് ഹുബ്ബള്ളിയിൽ മുസ്‌ലിംകളുടെ കട കത്തിച്ച കേസിലാണ് ശ്രീകാന്ത് പൂജാരിയെ ഹുബ്ബള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിയാണ് പൂജാരി. കേസുമായി ബന്ധപ്പെട്ട് മറ്റ് എട്ട് പ്രതികളെ പൊലീസ് തിരയുകയാണ്. കോടതിയിൽ ഹാജരാക്കിയ പൂജാരിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അതുപോലെ, 1992നും 1996നും ഇടയിൽ നടന്ന വർഗീയ സംഘർഷങ്ങളിൽ പ്രതികളായ 300 പേരുടെ പട്ടിക ഹുബ്ബള്ളി പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. പ്രതികളൊക്കെ ഇപ്പോൾ 70 വയസ് കഴിഞ്ഞവരാണെന്നും അവരിൽ പലരും ഒളിവിലാണെന്നും പൊലീസ് വൃത്തങ്ങൾ വിശദീകരിക്കുന്നു.
പ്രതികളിൽ പലരും ഇപ്പോൾ സുപ്രധാന സ്ഥാനങ്ങളിലാണ്. അവർക്കെതിരായ നിയമനടപടിയുടെ അനന്തരഫലം എന്താവുമെന്ന ആശങ്കയും പൊലീസിനുണ്ട്. അന്നത്തെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷണത്തിന് ഏറ്റെടുക്കാൻ കോൺഗ്രസ് സർക്കാർ പൊലീസിന് നിർദേശം നൽകിക്കഴിഞ്ഞു.
രാമജന്മഭൂമി പ്രസ്ഥാനത്തിലെ നിരവധി വ്യക്തികൾ ഇപ്പോൾ പ്രമുഖ ബിജെപി നേതാക്കളാണെന്നും ആ പാർട്ടി അധികാരത്തിലിരുന്നപ്പോൾ പ്രമുഖ നേതാക്കൾക്കെതിരായ കേസുകൾ പിൻവലിച്ചതായും വൃത്തങ്ങൾ അറിയിച്ചു. അതിനിടെ, കോൺഗ്രസ് സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധമറിയിച്ച് ഹിന്ദു സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.