'ജാതിയധിക്ഷേപം, പരീക്ഷയിൽ മാർക്കും കുറച്ചു'; അധ്യാപകനെ മരത്തിൽ കെട്ടിയിട്ട് തല്ലി വിദ്യാർഥികൾ

ജാതിയധിക്ഷേപം നടത്തിയെന്ന വിദ്യാർഥികളുടെ പരാതിയിൽ അധ്യാപകനെതിരെ കേസെടുത്തിരുന്നു

Update: 2022-09-01 13:23 GMT
Editor : afsal137 | By : Web Desk
Advertising

റാഞ്ചി: പരീക്ഷയിൽ മാർക്ക് കുറച്ചെന്ന് ആരോപിച്ച് വിദ്യാർഥികൾ അധ്യാപകനെയും സ്‌കൂൾ ക്ലർക്കിനെയും മരത്തിൽ കെട്ടിയിട്ട് തല്ലി. സുമൻ സിങ്ങ് എന്നയാളെയാണ് വിദ്യാർഥികൾ മർദനത്തിനിരയാക്കിയത്. ജാർഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. നേരത്തെ ജാതിയധിക്ഷേപം നടത്തിയെന്ന വിദ്യാർഥികളുടെ പരാതിയിൽ അധ്യാപകനെതിരെ കേസെടുത്തിരുന്നു. പരാതിയെ തുടർന്ന് സുമൻ സിങ്ങിനെ സ്‌കൂൾ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് തരംതാഴ്ത്തിയതായി ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണർ കർൺ സത്യാർത്ഥി പറഞ്ഞു. ആദിവാസി വിഭാഗങ്ങളിൽ പെടുന്ന പഹാരിയ സമുദായത്തിൽ നിന്നുള്ള വിദ്യാർഥികളാണ് അധ്യാപകനെ മർദിച്ചത്.

അധ്യാപകനെയും ക്ലർക്കിനെയും വിദ്യാർഥികൾ മരത്തിൽ കെട്ടിയിട്ട് മർദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മർദനത്തിൽ അധ്യാപകന് നിസാര പരിക്കുകളേറ്റതായി അധികൃതർ അറിയിച്ചു. ജാർഖണ്ഡ് അക്കാദമിക് കൗൺസിൽ നടത്തിയ ഒമ്പതാം ക്ലാസ് പരീക്ഷയിൽ പ്രാക്ടിക്കൽ പരീക്ഷാ മൂല്യനിർണയ മാർക്ക് നൽകിയില്ലെന്നായിരുന്നു വിദ്യാർഥികളുടെ ആരോപണം. തങ്ങൾക്ക് 'മാർജിനൽ മാർക്ക്' മാത്രമാണ് ലഭിച്ചതെന്നും വിദ്യാർഥികൾ പറഞ്ഞു.

ദുംകയിലെ ഗോപികന്ദർ ബ്ലോക്കിലുള്ള പഹാരിയ ഉച്ച വിദ്യാലയത്തിൽ പഹാരിയ വിഭാഗത്തിൽ നിന്നുള്ള 245 വിദ്യാർഥികളാണുള്ളത്. നാല് മാസം മുമ്പാണ് അധ്യാപകനും വിദ്യാർഥികളും തമ്മിൽ സംഘർഷം തുടങ്ങിയതെന്ന് സംയോജിത പട്ടികവർഗ വികസന ഏജൻസിയുടെ ജില്ലയിലെ പ്രോജക്ട് ഡയറക്ടർ കൂടിയായ കർൺ സത്യാർത്ഥി പറഞ്ഞു. ''പ്രധാനാധ്യാപകനായിരുന്ന സുമൻ സിങ്ങിനോട് വിദ്യാർത്ഥികൾക്ക് അതൃപ്തിയുണ്ടായിരുന്നു, കാരണം അദ്ദേഹം വിദ്യാർഥികൾക്കെതിരെ ജാതിയധിക്ഷേപം നടത്തി. ഞങ്ങൾ അദ്ദേഹത്തെ സ്ഥലം മാറ്റാൻ ശുപാർശ ചെയ്തിരുന്നു. പക്ഷെ, പ്രധാനാധ്യപകനായിരുന്ന സുമൻ സിങ്ങിനെ അതേ സ്‌കൂളിലെ അധ്യാപകനായി തരംതാഴ്ത്തുകയായിരുന്നു''- കർൺ സത്യാർത്ഥി വിശദമാക്കി. ജാതിയധിക്ഷേപത്തെ ചൊല്ലിയുള്ള തർക്കം പരിഹരിച്ചതിനു പിന്നാലെയായിരുന്നു പുതിയ ആരോപണമുന്നയിച്ച് വിദ്യാർഥികളുടെ മർദനം. വിദ്യാർഥികളുടെ പരാതിയിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

''വിദ്യാർഥികളുടെ അക്കാദമിക്ക് ജീവിതം കേസിലൂടെ ഇല്ലാതാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ ജാഗ്രതയോടെ നീങ്ങുകയാണ്, സംഭവത്തിൽ കൂടുതൽ വ്യക്തത വന്നാൽ ഒരുപക്ഷെ ഞങ്ങൾ വിദ്യാർഥികൾക്കെതിരെയും നിയമനടപടി സ്വീകരിക്കും. അവരിൽ ചിലരെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റാനും ഞങ്ങൾ പദ്ധതിയിടുന്നു. രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് വിളിച്ചിട്ടുണ്ട്. അധ്യാപകനെതിരായ ആക്രമണത്തിനു പിന്നിലെ കാരണം അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു''- സ്‌കൂൾ അധികൃതർ വിശദമാക്കി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News