ബിർഭൂം ആക്രമണം: പെട്രോൾ കടത്താൻ സഹായിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
തൃണമൂൽ നേതാവ് ബാദു ഷെയ്ഖിനെ ബോംബെറിഞ്ഞു കൊലപ്പെടുത്തിയതിനെ തുടർന്നാണ് ബോഗ്തുഴി ഗ്രാമത്തിൽ സംഘർഷമുണ്ടായത്. രാത്രി വീടുകൾക്ക് തീയിട്ട അക്രമികൾ ഒമ്പതുപേരെയാണ് കത്തിച്ചു കൊലപ്പെടുത്തിയത്.
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിൽ ആക്രമണത്തിനായി പെട്രോൾ കടത്താൻ സഹായിച്ച ഓട്ടോ ഡ്രൈവറെ സിബിഐ അറസ്റ്റ് ചെയ്തു. ബോഗ്തുഴി ഗ്രാമത്തിലെ വീട്ടിൽനിന്ന് ഇന്ന് പുലർച്ചെയാണ് റിതൻ ഷെയ്‌ഖെന്ന ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തത്.
''സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. നേരത്തെ അറസ്റ്റിലായ സാക്ഷികളും പ്രതികളും ഇയാളുടെ പേര് വെളിപ്പെടുത്തിയിരുന്നു''-സിബിഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
തൃണമൂൽ നേതാവ് ബാദു ഷെയ്ഖിനെ ബോംബെറിഞ്ഞു കൊലപ്പെടുത്തിയതിനെ തുടർന്നാണ് ബോഗ്തുഴി ഗ്രാമത്തിൽ സംഘർഷമുണ്ടായത്. രാത്രി വീടുകൾക്ക് തീയിട്ട അക്രമികൾ ഒമ്പതുപേരെയാണ് കത്തിച്ചു കൊലപ്പെടുത്തിയത്.
ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. ആക്രമണവുമായി ബന്ധപ്പെട്ട് 22 പേരെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ബാദു ഷെയ്ഖിനെ കൊലപാതകവും സിബിഐ അന്വേഷിക്കണമെന്ന് രണ്ട് ദിവസം മുമ്പ് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇരുകേസുകളും പരസ്പരം ബന്ധപ്പെട്ടതായതിനാൽ രണ്ടും സിബിഐ അന്വേഷിക്കുന്നതാണ് നല്ലതെന്ന് കോടതി പറഞ്ഞു.