ആം ആദ്മി പാര്‍ട്ടി വിടാന്‍ സി.ബി.ഐ ആവശ്യപ്പെട്ടു: മനീഷ് സിസോദിയ

'പാര്‍ട്ടി വിട്ടില്ലെങ്കില്‍ ഇനിയും ഇത്തരം കേസുകൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി, സത്യേന്ദർ ജെയിനിന്‍റെ അവസ്ഥ അറിയാമല്ലോ എന്ന് ചോദിച്ചു'

Update: 2022-10-17 17:29 GMT
Advertising

ന്യൂഡല്‍ഹി: ചോദ്യം ചെയ്യലിനിടെ  തന്നോട് സി.ബി.ഐ ആം ആദ്മി പാർട്ടി വിടാൻ  ആവശ്യപ്പെട്ടതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ്  സിസോദിയ. പാര്‍ട്ടി വിട്ടില്ലെങ്കില്‍ ഇനിയും ഇത്തരം കേസുകൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി. സത്യേന്ദർ ജെയിനിന്‍റെ അവസ്ഥ അറിയാമല്ലോ എന്ന് ചോദിച്ചതായും സിസോദിയ പറഞ്ഞു. സിബിഐ ചോദ്യം ചെയ്യലിന് ശേഷമാണ് സിസോദിയയുടെ പ്രതികരണം

ഡൽഹി മദ്യനയ കേസില്‍  മനീഷ് സിസോദിയയെ ഇന്ന് സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. സി.ബി.ഐ ആസ്ഥാനത്ത് ഒമ്പത് മണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. ഓഫീസിന് പുറത്ത് പ്രതിഷേധിച്ച ആം ആദ്മി നേതാക്കളെ പൊലീസ് കസ്റ്റടിയിലെടുത്തു.

ആം ആദ്മി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത ശേഷം റാലിയായി രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തിയാണ് മനീഷ് സിസോദിയ സി.ബി.ഐ ആസ്ഥാനത്ത് എത്തിയത്. 11.30 ന് ചോദ്യംചെയ്യൽ ആരംഭിച്ചു. സി.ബി.ഐയുടെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. ഇനിയും ചോദ്യം ചെയ്യാൻ ഹാജറാകണോ എന്ന കാര്യം സി.ബി.ഐ പിന്നീട് അറിയിക്കും.

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നത് തടയാനാണ് കേന്ദ്ര നീക്കമെന്നും മെച്ചപ്പെട്ട വിദ്യാലയങ്ങൾക്കും തൊഴിലിനും വൈദ്യുതിക്കും ആശുപത്രികൾക്കും വേണ്ടി ഓരോ ഗുജറാത്തിയും ആംആദ്മിയുടെ പ്രചാരണത്തിനെത്തുമെന്നും സിസോദിയ പറഞ്ഞു.

ഗുജറാത്ത് തിരഞ്ഞെടുപ്പിൽ തോൽവി ഭയന്നാണ് സി.ബി.ഐയെ ഇറക്കിയുള്ള ബി ജെ പി നടപടി എന്ന് ആം.ആദ്മി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. സി ബി ഐ രജിസ്റ്റർ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് സിസോദിയ. സിസോദിയയുടെ വീടും ഓഫീസും ബാങ്ക് ലോക്കറും സി.ബി.ഐ ഒരുമാസം മുമ്പ് പരിശോധിച്ചിരുന്നു. പരിശോധനയിൽ ഒന്നും കണ്ടെത്താനായിരുന്നില്ല.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News