പ്രഫുൽ പട്ടേലിന് ക്ലീൻ ചിറ്റ്; എയർ ഇന്ത്യ അഴിമതിക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ
കഴിഞ്ഞ വർഷമാണ് പ്രഫുൽ പട്ടേലും അജിത് പവാറും എൻ.ഡി.എക്കൊപ്പം ചേർന്നത്. ഇതിന് പിന്നാലെയാണ് സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചത്.
ന്യൂഡൽഹി: എയർ ഇന്ത്യ അഴിമതിക്കേസിൽ എൻ.സി.പി നേതാവ് പ്രഫുൽ പട്ടേലിന് ക്ലീൻ ചിറ്റ്. കേസിൽ അന്വേഷണം അവസാനിപ്പിച്ച് സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകി. എയർ ഇന്ത്യക്ക് വിമാനം പാട്ടത്തിനെടുത്തതിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസാണ് അവസാനിപ്പിച്ചത്. കഴിഞ്ഞ വർഷം എൻ.സി.പി പിളർത്തി പ്രഫുൽ പട്ടേലും അജിത് പവാറും എൻ.ഡി.എക്കൊപ്പം ചേർന്നിരുന്നു.
എയർ ഇന്ത്യക്കും ഇന്ത്യൻ എയർലൈൻസിനും വേണ്ടി 70,000 കോടി മുടക്കി 110 വിമാനങ്ങൾ പാട്ടത്തിനെടുത്തതിലാണ് അഴിമതിയാരോപണം ഉയർന്നത്. യു.പി.എ സർക്കാരിൽ വ്യോമയാന മന്ത്രിയായിരുന്നു പ്രഫുൽ പട്ടേൽ. കൂടുതൽ വിമാനങ്ങൾ വാങ്ങേണ്ടതില്ലെന്ന വിദഗ്ധ സമിതി റിപ്പോർട്ട് തള്ളിയാണ് പ്രഫുൽ പട്ടേൽ മന്ത്രിയായിരിക്കെ വിമാനങ്ങൾ പാട്ടത്തിനെടുത്തത്. ഇത് സംബന്ധിച്ച് ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് സുപ്രിംകോടതി നിർദേശപ്രകാരം 2017 മേയിലാണ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്.