ഭരണകൂടങ്ങൾ മാറിവരും, നിങ്ങൾ സ്ഥിരമായുള്ള സംവിധാനമാണ്: സിബിഐയോട് ചീഫ് ജസ്റ്റിസ്
സിബിഐ, എസ്എഫ്‌ഐഒ, ഇഡി തുടങ്ങിയ മുഴുവൻ ഏജൻസികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പുതിയ സംവിധാനം നിലവിൽവരണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ന്യൂഡൽഹി: ഭരണകൂടങ്ങൾ മാറിവരുന്നതിനനുസരിച്ച് അന്വേഷണ ഏജൻസികൾക്ക് മൂല്യത്തകർച്ചയുണ്ടാവരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. സിബിഐയുടെ പ്രഥമ ഡയരക്ടറായിരുന്ന ഡി.പി കോഹ്‌ലി അനുസ്മരണ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
''ഭരണകൂടങ്ങൾ സമയാസമയങ്ങളിൽ മാറിവരും. പക്ഷെ ഒരു സ്ഥാപനമെന്ന നിലയിൽ നിങ്ങൾ സ്ഥിരമായ സംവിധാനമാണ്. സ്വതന്ത്രവും അപ്രാപ്യവുമായി ഒരു സംവിധാനമായിരിക്കണം നിങ്ങൾ. നിങ്ങളുടെ സേവനത്തിനായി പ്രതിജ്ഞയെടുക്കുക. നിങ്ങളുടെ സാഹോദര്യമാണ് നിങ്ങളുടെ ശക്തി''-ചീഫ് ജസ്റ്റിസ് പറഞ്ഞു.
ആദ്യകാലങ്ങളിൽ സിബിഐക്ക് പൊതുസമൂഹത്തിൽ വലിയ വിശ്വാസ്യതയുണ്ടായിരുന്നു, പക്ഷം അടുത്തകാലത്ത് അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ''സത്യത്തിൽ അന്വേഷണം സിബിഐക്ക് വിടാൻ ആവശ്യപ്പെട്ട് നിരവധി ഹരജികൾ കോടതിക്ക് മുന്നിൽ നിറഞ്ഞിരുന്നു. എന്നാൽ കാലക്രമേണ മറ്റെല്ലാ സ്ഥാപനങ്ങളെയും പോലെ സിബിഐയും ആഴത്തിലുള്ള സൂക്ഷപരിശോധനക്ക് വിധേയമായി. അതിന്റെ പ്രവർത്തനങ്ങളും നിഷ്‌ക്രിയത്വവും അവരുടെ വിശ്വാസ്യത സംബന്ധിച്ച് ചോദ്യങ്ങളുയർത്തിയിട്ടുണ്ട്''- ജസ്റ്റിസ് രമണ പറഞ്ഞു.
പൊലീസുകാർ നിരവധി പ്രതിസന്ധികളാണ് ജോലിയിൽ നേരിടുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ''അവൻ അല്ലെങ്കിൽ അവൾ (പൊലീസ് ഉദ്യോഗസ്ഥർ) ഒരു ഷിഫ്റ്റിൽ തന്നെ മനഃശാസ്ത്രജ്ഞനും അധ്യാപകനും കൗൺസിലറും അഭിഭാഷകനും എല്ലാമായി പ്രവർത്തിക്കേണ്ടി വരും''- ഒരു തെലുങ്ക് കടങ്കഥ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
പൊലീസിനെ രാഷ്ട്രീയനേതാക്കൾ ദുരുപയോഗം ചെയ്യുന്നത് പുതിയ സംഭവമല്ല. ബ്രിട്ടീഷ് ഭരണകാലത്ത് ആധിപത്യം സ്ഥാപിക്കാനും നിരീക്ഷിക്കാനും ബലപ്രയോഗത്തിനും പൊലീസിനെ ഉപയോഗിച്ചിരുന്നു. അത് ഇന്ത്യൻ പൊലീസിന്റെ ശാശ്വതമായ സവിശേഷതയായി തുടരുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സിബിഐ, എസ്എഫ്‌ഐഒ, ഇഡി തുടങ്ങിയ മുഴുവൻ ഏജൻസികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പുതിയ സംവിധാനം നിലവിൽവരണമെന്നും അദ്ദേഹം പറഞ്ഞു.