മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്‌രിവാളിനെ സി.ബി.ഐ ചോദ്യംചെയ്യുന്നു
കശ്മീരി ഗേറ്റിന് സമീപം പ്രതിഷേധിച്ച ആം ആദ്മി പാര്‍ട്ടി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു
ഡല്‍ഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സി.ബി.ഐ ചോദ്യംചെയ്യുന്നു. സി.ബി.ഐയുടെ ഡൽഹി ആസ്ഥാനത്താണ് ചോദ്യംചെയ്യൽ. ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് കെജ്‍രിവാള്‍ ഹാജരായത്.
കശ്മീരി ഗേറ്റിന് സമീപം പ്രതിഷേധിച്ച ആം ആദ്മി പാര്‍ട്ടി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. താൻ അഴിമതിക്കാരനെങ്കിൽ ഈ ലോകത്ത് സത്യസന്ധരായി ആരുമില്ലെന്ന് കെജ്‍രിവാൾ പ്രതികരിച്ചു. രാഷ്ട്രീയ വിരോധികളാണ് തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ള കുറ്റാരോപിതരുടെ അവകാശവാദങ്ങളില്‍ വ്യക്തത തേടിയാണ് കെജ്‌രിവാളിനെ സി.ബി.ഐ ചോദ്യംചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. തന്‍റെ പേര് പറയിപ്പിക്കാൻ കസ്റ്റഡിയിൽ എടുക്കുന്നവരെ ക്രൂര പീഡനത്തിന് ഇരയാക്കുകയാണ് അന്വേഷണ ഏജൻസികൾ ചെയ്യുന്നതെന്ന് അരവിന്ദ് കെജ്‌രിവാൾ ഇന്നലെ ആരോപിച്ചിരുന്നു. അഴിമതിയിൽ മുങ്ങിക്കുളിച്ച പ്രധാനമന്ത്രിക്ക് തന്നെ അഴിമതിക്കാരനെന്ന് എങ്ങനെ വിളിക്കാൻ കഴിയുമെന്നും കെജ്‌രിവാൾ ചോദിച്ചു.
മദ്യനയ അഴിമതിയിലൂടെ എ.എ.പിക്ക് 100 കോടി രൂപ ലഭിച്ചെന്നും ആ പണം ഗോവ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചെന്നുമാണ് സി.ബി.ഐ ആരോപണം. ചോദ്യംചെയ്യലിനെ കെജ്‌രിവാൾ ഭയപ്പെടുന്നത് തെറ്റ് ചെയ്തത് കൊണ്ടാണെന്ന് ബി.ജെ.പി ആരോപിച്ചു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്നും ബി.ജെ.പി ചോദിച്ചു. അതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കെജ്‍രിവാളുമായി ഫോണിൽ സംസാരിച്ചു.
Summary- CBI questions Delhi Chief Minister Arvind Kejriwal in the liquor policy case. His ex-deputy Manish Sisodia was arrested last month for alleged corruption in the same case