മനുഷ്യാവകാശ പ്രവർത്തകൻ ഹർഷ് മന്ദറിന്റെ വീട്ടിൽ സി.ബി.ഐ റെയ്ഡ്

റിട്ട. ഐ.എ.എസ് ഓഫിസറായ ഇദ്ദേഹം മോദി സർക്കാറിന്റെ നിശിത വിമർശകനാണ്

Update: 2024-02-02 10:56 GMT
Advertising

ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനും റിട്ട. ഐ.എ.എസ് ഓഫിസറുമായ ഹർഷ് മന്ദറിന്റെ വീട്ടിലും ഓഫിസിലും സി.ബി.​ഐ റെയ്ഡ്. വിദേശഫണ്ട് വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ച രാവിലെ റെയ്ഡ് നടത്തിയത്.

ഇദ്ദേഹം ആരംഭിച്ച എൻ.ജി.ഒയായ അമൻ ബിരാദാരിയുടെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസൻസ് 2023 ജൂണിൽ ആഭ്യന്തര മന്ത്രാലയം സസ്​പെൻഡ് ചെയ്തിരുന്നു. കൂടാതെ വിദേശ ധനസഹായത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് നിർദേശിക്കുകയും ചെയ്തു. 2021 സെപ്റ്റംബറിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന് ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇദ്ദേഹത്തിന്റെ വീട്ടിലും ഓഫിസുകളിലും റെയ്ഡ് നടത്തിയിരുന്നു.

ഭക്ഷണത്തിനുള്ള അവകാശം, വിവരാവകാശം, അടിമവേല, ആദിവാസികളുടെ അവകാശം എന്നിവയുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തിന്റെ പ്രവർത്തനം. യു.പി.എ സർക്കാറിന്റെ കാലത്ത് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ ഉപദേശക സമിതിയിൽ അംഗമായിരുന്നു.

കഴിഞ്ഞ പത്ത് വർഷമായി ഇദ്ദേഹം മോദി സർക്കാറിനെ നിശിതമായി വിമർശിച്ച് രംഗത്തുണ്ട്. ബിട്ട്വീൻ മെമ്മറി ആൻഡ് ഫോർഗെറ്റിങ്: മസ്സാക്കറ് ആൻഡ് ദെ മോദി ഇയേഴ്സ് ഇൻ ഗുജറാത്ത് തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സമാധാന പ്രവർത്തനത്തിനുള്ള രാജീവ് ഗാന്ധി ദേശീയ സദ്ഭാവന അവാർഡ് അടക്കം നിരവധി അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News