ലാലുവിനെതിരായ അഴിമതിക്കേസ് പുനരന്വേഷിക്കാനൊരുങ്ങി സി.ബി.ഐ
2021ൽ അന്വേഷണം അവസാനിപ്പിച്ച കേസാണ് വീണ്ടും അന്വേഷിക്കുന്നത്. ബിഹാറിലെ ഭരണമാറ്റത്തെ തുടർന്നാണ് പുതിയ നീക്കമെന്നാണ് ആരോപണം.
ന്യൂഡൽഹി: ബിഹാറിൽ ബി.ജെ.പി ഭരണത്തിൽനിന്ന് പുറത്തായതിന് പിന്നാലെ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരായ അഴിമതിക്കേസ് പുനരന്വേഷിക്കാനൊരുങ്ങി സി.ബി.ഐ. ഒന്നാം യു.പി.എ മന്ത്രിസഭയിൽ അംഗമായിരുന്ന കാലത്ത് റെയിൽവേ പ്രൊജക്ട് അനുവദിച്ചതിൽ അഴിമതി നടത്തിയതായാണ് ആരോപണം.
2018 ഇത് സംബന്ധിച്ച് സി.ബി.ഐ അന്വേഷണം തുടങ്ങിയെങ്കിലും 2021 മെയ് മാസത്തിൽ അവസാനിപ്പിച്ചു. കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയാണ് അന്ന് സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചത്. ലാലുവിന് പുറമെ അദ്ദേഹത്തിന്റെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, മക്കളായ ചന്ദന യാദവ്, രാഗിണി യാദവ് എന്നിവർക്കെതിരെയും ആരോപണമുയർന്നിരുന്നു.
കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ നേട്ടത്തിന് ദുരുപയോഗം ചെയ്യുന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഭരണമാറ്റത്തിന് പിന്നാലെ ലാലുവിനെതിരായ കേസ് വീണ്ടും അന്വേഷിക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. മുംബൈ ബാന്ദ്രയിലെ റെയിൽവേ ഭൂമി പാട്ടത്തിനെടുക്കുന്ന പദ്ധതികളിലും ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നതിലും താൽപര്യം പ്രകടിപ്പിച്ച റിയൽ എസ്റ്റേറ്റ് പ്രമുഖരായ ഡി.എൽ.എഫ് ഗ്രൂപ്പിൽനിന്ന് യാദവ് ദക്ഷിണ ഡൽഹിയിലെ സ്വത്ത് കോഴയായി കൈപ്പറ്റിയെന്നാണ് കേസ്.