മണിപ്പൂരിലെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം; 11 കേസുകൾ സി.ബി.ഐക്ക് കൈമാറിയേക്കും
കേസ് കൈമാറാൻ തയ്യാറാണെന്ന് സർക്കാർ ഇന്നലെ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു
ഇംഫാല്‍: മണിപ്പൂരിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമത്തിൽ 11 കേസുകൾ സർക്കാർ സി.ബി.ഐക്ക് കൈമാറിയേക്കും. കേസ് കൈമാറാൻ തയ്യാറാണെന്ന് സർക്കാർ ഇന്നലെ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. സ്ത്രീകൾക്കെതിരെയുള്ള കേസുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകുന്നുവെന്ന രോപണം നിലനിൽക്കവെയാണ് സർക്കാരിന്‍റെ നീക്കം.
അതേസമയം, മണിപ്പൂരിന് സഹായ വാഗ്ദാനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രംഗത്തെത്തി. 10 കോടി രൂപയുടെ അവശ്യസാധനങ്ങൾ അയക്കാം എന്ന് അറിയിച്ച് മണിപ്പൂർ മുഖ്യമന്ത്രിക്ക് സ്റ്റാലിൻ കത്ത് അയച്ചു. മണിപ്പൂർ അനുവദിച്ചാൽ സഹായം നൽകുമെന്ന് സ്റ്റാലിൻ പറഞ്ഞു. സംസ്ഥാനത്തെ അസാധാരണ സാഹചര്യത്തിൽ സഹായം നൽകാൻ തയ്യാറെന്നും കത്തിൽ വ്യക്തമാക്കുന്നു.
മണിപ്പൂരിൽ നഗ്നരാക്കി നടത്തപ്പെട്ട യുവതികളുടെ മൊഴി സി ബി ഐ തത്കാലം എടുക്കരുതെന്ന് സുപ്രിംകോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. സി.ബി.ഐയെ ഇക്കാര്യം അറിയിക്കാന്‍ സോളിസിറ്റര്‍ ജനറലിനോട് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. യുവതികളുടെ ഹരജി ഇന്ന് ഉച്ചക്ക് രണ്ടിന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് നിർദേശം. സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇരകൾ അതിനെ എതിര്‍ത്തോടെ സുപ്രിംകോടതി കേസില്‍ വിശദമായ വാദം കേള്‍ക്കുകയായിരുന്നു. ഇന്നലെ നടന്ന വാദത്തിനിടെ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളെ സുപ്രിംകോടതി നിശിതമായി വിമര്‍ശിച്ചിരുന്നു.