നീറ്റ് പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കും

ഇന്ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷകൾ മാറ്റിവെച്ചു

Update: 2024-06-23 02:20 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കും.  നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഡയറക്ടർ ജനറലിനെ മാറ്റിയതിന് പിന്നാലെയാണ് അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്. 

മേയ് അഞ്ചിന് നടന്ന നീറ്റ് യു. ജി പരീക്ഷയിലെ ക്രമക്കേടാണ് സിബിഐ അന്വേഷിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയമാണ് അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്. പരീക്ഷയുടെ വിശ്വാസ്യത നിലനിർത്തുകയും വിദ്യാർഥികളുടെ താല്പര്യങ്ങൾ സംരക്ഷിക്കേണ്ടത് സർക്കാരിന്‍റെ ചുമതലയാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. എന്‍.ടി.എ ഡയറക്ടർ ജനറൽ സുബോദ് കുമാറിനെ നീക്കിയതിനു പിന്നാലെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയിരിക്കുന്നത്. പകരം പ്രദീപ് സിംഗ് കരോളയ്ക്ക് എന്‍.ടി.എയുടെ അധിക ചുമതല നൽകിയിട്ടുണ്ട്.

മോദി സർക്കാരിന് യുവാക്കൾക്കിടയിൽ പൂർണ്ണമായും വിശ്വാസം നഷ്ടപ്പെട്ടെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. നരേന്ദ്ര മോദിയുടെ കഴിവുകെട്ട സർക്കാർ വിദ്യാർഥികളുടെ ഭാവിക്ക് ഭീഷണിയെന്ന് രാഹുൽ ഗാന്ധി സോഷ്യല്‍മീഡിയയായ എക്സിൽ കുറിച്ചു. മോദി ഭരണത്തിൽ വിദ്യാർഥികൾ ഭാവിക്കുവേണ്ടി പഠിക്കുകയല്ല പോരാടുകയാണെന്നും രാഹുൽ വിമർശിച്ചു.

അതിനിടെ ഇന്ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷകൾ മാറ്റിവെച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാൽ യു. ജി. പുനഃപരീക്ഷകൾക്ക് മാറ്റമില്ല. 1563 വിദ്യാർഥികളാണ് നീറ്റ് പുനപരീക്ഷ എഴുതുന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ വസതിക്ക്‌ മുൻപിൽ പ്രതിഷേധിച്ച എൻ എസ് യു പ്രവർത്തകർക്കെതിരെ കേസെടുത്തു. പാർലമെന്‍റ് തിങ്കളാഴ്ച തുടങ്ങാനിരിക്കെ പരീക്ഷാ ക്രമക്കേടുകളിൽ നിർണ്ണായക തീരുമാനങ്ങൾ എടുത്ത് മുഖം രക്ഷിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News