ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ സാധ്യത പരിശോധിച്ച് കേന്ദ്രം; അമിത്ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം
നിയമ മന്ത്രി കിരൺ റിജിജു, സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു
ന്യൂഡൽഹി: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ സാധ്യത പരിശോധിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേത്യത്വത്തിൽ ഉന്നത തല യോഗം ചേർന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് യുണിഫോം സിവിൽ കോഡ് സജീവ ചർച്ചയാക്കുന്നത്.
ഇന്നലെ ഡൽഹിലാണ് അമിത്ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നത്. നിയമ മന്ത്രി കിരൺ റിജിജു, സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. യൂണിഫോം സിവിൽ കോഡ് പാർലമെന്റിൽ നിയമനിർമ്മാണത്തിലൂടെ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ശ്രമം. 2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് ബി.ജെ.പി പ്രകടനപത്രികയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ നിയമം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലേക്ക് കേന്ദ്ര സർക്കാർ ഇതുവരെ കടന്നിട്ടില്ലെന്ന് ഫെബ്രുവരി രണ്ടിന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു രാജ്യസഭയെ അറിയിച്ചു. നിലവിൽ ഈ വിഷയം ലോ കമ്മീഷന്റെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം ലോ കമ്മീഷന്റെ കാലാവധി 2024 ഓഗസ്റ്റ് വരെ കേന്ദ്ര സർക്കാർ നീട്ടിയിട്ടുണ്ട്. നിയമനിർമ്മാണത്തിലൂടെ ഏകസിവിൽ കോഡ് നടപ്പാക്കാൻ ശ്രമിക്കുകയാണെങ്കിൽ എന്തെല്ലാം പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ചർച്ച. കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് കേന്ദ്ര സർക്കാരിന്റെ മുന്നൊരുക്കങ്ങൾ. ഹിമാചൽപ്രദേശ്, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലും യൂണിഫോം സിവിൽ കോഡ് അമിത്ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും പൊതുപരിപാടികളിൽ സജീവ ചർച്ചയാക്കിയിരുന്നു.