സിഎഎ നടപ്പാക്കി കേന്ദ്രം; പൗരത്വ സർട്ടിഫിക്കറ്റ് നൽകിതുടങ്ങി
സിഎഎയുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ നീക്കം
ഡൽഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സർക്കാർ. അതിന്റെ ഭാഗമായി പൗരത്വ സർട്ടിഫിക്കറ്റ് നൽകിതുടങ്ങി. ഡൽഹിയിലെ 14 പേർക്കാണ് ആദ്യഘട്ടത്തിൽ പൗരത്വ സർട്ടിഫിക്കറ്റ് നൽകിയത്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് സർട്ടിഫിക്കറ്റ് കൈമാറിയത്. ആദ്യം അപേക്ഷിച്ചവർക്കാണ് പൗരത്വം നൽകിയതെന്ന് കേന്ദ്രം അറിയിച്ചു. മാർച്ച് 11 നാണ് കേന്ദ്രസർക്കാർ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ നീക്കം.
നിയമം പ്രാബല്യത്തിൽ വന്നതുമുതൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വലിയ പ്രതിഷേധമാണ് നടന്നത്. നിയമം നടപ്പാക്കില്ലെന്ന് ആവർത്തിക്കുന്ന കേരളം ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പിന് മുൻപ് വിജ്ഞാപനം ഇറക്കിയത് വർഗീയ വികാരം കുത്തിയിളക്കാനാണെന്നും പൗരന്മാരെ പല തട്ടുകളാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി എതിർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംഭവത്തിൽ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു.