ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ കേന്ദ്ര നീക്കം
സംസ്ഥാന സർക്കാരുകളുടെ ഇടപെടലില്ലാതെ പൗരത്വം നൽകാനാണ് കേന്ദ്രത്തിന്റെ നീക്കം
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ നീക്കം. ബിൽ പാസാക്കിയെങ്കിലും ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാത്തതിനാൽ നിയമം നടപ്പായിട്ടില്ല. ഭേദഗതിക്ക് അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ പോർട്ടൽ സജ്ജമാക്കും. സംസ്ഥാന സർക്കാറുകളുടെ ഇടപെടലില്ലാതെ പൗരത്വം നൽകാനാണ് കേന്ദ്രത്തിന്റെ നീക്കം.
പൗരത്വ നിയമത്തിലെ ഭേദഗതിയെ കേരളം അടക്കം സംസ്ഥാനങ്ങൾ എതിർത്തിരുന്നു. വലിയ എതിർപ്പുണ്ടായതിനെ തുടർന്നാണ് ബില്ലുകൾ പാസായിട്ടും തുടർ നടപടികളിലേക്ക് കേന്ദ്രം കടക്കാതിരുന്നതും. ചട്ടക്കൂട് ഉൾപ്പടെ വിജ്ഞാപനവുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്നാണ് വിവരം.
ഇതിന്റെ ആദ്യ പടിയായാണ് ഇപ്പോൾ ഭേദഗതി അനുസരിച്ച് പൗരത്വത്തിനപേക്ഷിക്കാനുള്ള പോർട്ടൽ നടപടികൾ കാര്യക്ഷമമാക്കിയത്. സംസ്ഥാന സർക്കാരുകളുടെ എതിർപ്പ് മറികടക്കാനാണ് ഈ നീക്കം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ മുമ്പ് പല തവണകളിലായി നടന്നിരുന്നു.
പൗരത്വ നിയമത്തിലെ ഭേദഗതിയെ കേരളം അടക്കം ആറു സംസ്ഥാനങ്ങൾ എതിർത്തിരുന്നു.പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ന്‍, പാഴ്‌സി, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പൗരത്വ നിയമ ഭേദഗതി.2019 ഡിസംബറിൽ പൗരത്വ നിയമ ഭേദഗതി പാർലമെന്റ് പാസാക്കിയതിന് പിന്നാലെ വലിയ പ്രതിഷേധങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.