മൂന്നു വർഷത്തിനിടെ ചൈനീസ് കയ്യേറ്റം നടന്നിട്ടില്ലെന്ന് കേന്ദ്രം; അരുണാചലിലെ വീടുകൾ ബീജിങ് ജനതാ പാർട്ടി നിർമിച്ചതാണോയെന്ന് പ്രതിപക്ഷം

നുഴഞ്ഞുകയറ്റം നടന്നിട്ടില്ലെങ്കിൽ ഗൽവാനിലൊന്നും സംഭവിച്ചിട്ടില്ലെന്നും നമ്മുടെ സൈനികർ മരിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ്

Update: 2021-12-07 14:47 GMT
Advertising

അരുണാചലിൽ ചൈനീസ് പട്ടാളം കയ്യേറി നിർമിച്ച വീടുകൾ ബിജിങ് ജനതാ പാർട്ടി പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമിച്ചതാണോയെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർകെ. ഇന്ത്യയും ചൈനയും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ കഴിഞ്ഞ മൂന്നുവർഷം നടന്നിട്ടില്ലെന്ന് പാർലമെൻറിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നുഴഞ്ഞുകയറ്റം നടന്നിട്ടില്ലെങ്കിൽ ഗൽവാനിലൊന്നും സംഭവിച്ചിട്ടില്ലെന്നും നമ്മുടെ സൈനികർ മരിച്ചിട്ടില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അരുണാചൽ പ്രദേശിലെ ഷിയോമി ജില്ലയിൽ ചൈന കെയേറ്റം നടത്തി 60 കെട്ടിടങ്ങൾ നിർമിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എൻഡിടിവിയാണ് മാക്‌സർ ടെക്‌നോളജീസ്, പ്ലാനറ്റ് ലാബ് എന്നീ സ്ഥാപനങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങൾ അടിസ്ഥാനമാക്കി റിപ്പോർട്ട് ചെയ്തിരുന്നത്. പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പ്രകാരം 2019 ൽ ഈ കെട്ടിടങ്ങളുണ്ടായിരുന്നില്ല. ഒരു വർഷം കൊണ്ടാണ് കെട്ടിടങ്ങൾ നിലവിൽ വന്നത്. നേരത്തെ അരുണാചൽപ്രദേശിൽ തന്നെ ചൈന ഭൂമി കൈയേറി ഒരു ഗ്രാമം നിർമിച്ചിരുന്നു. ഇതിൽ നിന്ന് 93 കിലോമീറ്റർ കിഴക്കായാണ് പുതിയ കൈയേറ്റം. ചൈനയുടെ കൈയേറ്റം അമേരിക്കൻ ഏജൻസിയായ പെന്റഗൺ സ്ഥിരീകരിച്ചിരുന്നു. നിയന്ത്രണരേഖയ്ക്കും അന്താരാഷ്ട്ര അതിർത്തിക്കും ഇടയിൽ ഇന്ത്യ അവകാശവാദമുന്നയിക്കുന്ന പ്രദേശത്താണ് ചൈനയുടെ പുതിയ നിർമാണം.

2020 ൽ ഗൽവാനിൽ ചൈനയുമായുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. കൊല്ലപ്പെട്ട 20 പേരിൽ ഒരു കേണലും മൂന്നു വീതം സുബേദാർമാരും ഹവിൽദാർമാരും ഒരു നായ്ക്കും 12 ശിപായിമാരുമാണുണ്ടായിരുന്നത്. അരുണാചൽ പ്രദേശിലെ അതിർത്തിയിൽ 1975 ൽ ഇന്ത്യാ-ചൈന സംഘർഷത്തിൽ നാലു അസാം റൈഫിൾ ഭടന്മാർ കൊല്ലപ്പെട്ട ശേഷം ഇതാദ്യമായാണ് ചൈനീസ് സേനയുടെ ആക്രമണത്തിൽ ഇത്രയും ഇന്ത്യൻ സൈനികർ വീരമൃത്യുയടയുന്നത്. ചൈനയുടെ നിരവധി സൈനികരെ വധിച്ചതായി സൈനിക സ്രോതസുകളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.

കിഴക്കൻ ലഡാക്കിലെ ഗാൽവാൻ നദിയോട് ചേർന്നുള്ള ഇന്ത്യൻ പ്രദേശങ്ങളിലേക്ക് 2020 മെയ് അഞ്ചിന് അയ്യായിരത്തോളം സൈനികർ അതിക്രമിച്ച് കയറിയിരുന്നു. മെയ് 12ന് പാങോങിലെ ലേക്ക് സെക്ടറിലെ തർക്ക പ്രദേശങ്ങളിലും സമാനമായ അതിക്രമങ്ങളുണ്ടായി. സമാനമായ തോതിൽ ഇന്ത്യയും സൈനിക നീക്കം നടത്തിയിട്ടുണ്ട്. ലഡാക്കിന് പുറമേ സിക്കിം, ഉത്തർപ്രദേശ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചൈനീസ് അതിർത്തികളിലും ഇന്ത്യ കൂടുതൽ സൈന്യത്തെ വിന്യസിച്ചിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News